പ്ലസ് വൺ ; 54717 സീറ്റ് മിച്ചം , പ്രവേശനം നേടിയത് 3.87 ലക്ഷം വിദ്യാർഥികൾ

തിരുവനന്തപുരം
ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശന നടപടികൾ പൂർത്തിയായി. സംസ്ഥാനത്ത് ആകെ ഒഴിഞ്ഞു കിടക്കുന്നത് 54,717 സീറ്റുകൾ. ഇതിൽ 26,282 സീറ്റുകളും മെറിറ്റ് ക്വാട്ടയിലാണ്. അൺഎയ്‌ഡഡ് സ്‌കൂളുകളിൽ 28,054 സീറ്റും മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ (എംആർഎസ്) 381 സീറ്റുകളും ശേഷിക്കുന്നു. കൂടുതൽ സീറ്റുകൾ ബാക്കിയുള്ളത് മലപ്പുറത്താണ്. 6,791 എണ്ണം. കഴിഞ്ഞ വർഷം സംസ്ഥാനത്ത് 53,390 സീറ്റുകൾ ഒഴിഞ്ഞ് കിടന്നിരുന്നു.
ആകെ 3,87,822 വിദ്യാർഥികൾ പ്ലസ് വൺ പ്രവേശനം നേടി. ഇതിൽ 30,53,35 പേർ മെറിറ്റ് സീറ്റിലാണ്. മാനേജ്‌മെന്റ് ക്വാട്ട –34,807, കമ്യൂണിറ്റി ക്വാട്ട – 20,931, അൺഎയ്‌ഡഡ് – 25,601, എംആർഎസ് – 1,148 എന്നിങ്ങനെയാണ് ശേഷിക്കുന്ന എണ്ണം. ഈ വർഷം ആകെ 4,63,686 അപേക്ഷകളാണ് ലഭിച്ചത്. വൊക്കേഷണൽ ഹയർസെക്കൻഡറി, പോളിടെക്‌നിക്, ഐടിഐ കോഴ്‌സുകളിൽ ചേരുന്നവരും പ്ലസ് വണ്ണിന് അപേക്ഷിക്കുന്നത് പതിവാണ്. കേന്ദ്രസിലബസിൽനിന്ന് പ്ലസ് വണ്ണിന് അപേക്ഷിക്കുന്നവർ അവിടെ തന്നെ തുടരുകയാണ് പതിവ്. ഇക്കാരണം കൊണ്ട് അപേക്ഷകരുടെ എണ്ണം കൂടുമെങ്കിലും പ്രവേശനം നേടുന്നവരുടെ എണ്ണം കുറയും.










0 comments