പ്ലസ് വൺ ക്ലാസ് 18ന് ആരംഭിക്കും ; മൂന്നാം അലോട്ട്‌മെന്റിൽ 87,928 പേർക്കുകൂടി സീറ്റ്

തിരുവനന്തപുരം
ഹയർസെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. 87,928 പേർക്ക് കൂടി പുതിയതായി ഇടം ലഭിച്ചു. ഇതോടെ പ്ലസ് വൺ മെറിറ്റ് സീറ്റിലേക്കുള്ള ഏകജാലക പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിൽ ആകെ 3,12,908 പേർക്ക് അലോട്ട്‌മെന്റായി. 4,688 സീറ്റുകൾ മിച്ചമുണ്ട്. മൂന്നാം അലോട്ട്‌മെന്റിൽ 57,572 പേർക്ക് ഉയർന്ന ഓപ്‌ഷൻ ലഭിച്ചു. സ്‌പോർട്‌സ് ക്വാട്ടയിൽ 5,310 പേർക്കും മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിൽ (എംആർഎസ്) 1,170 പേർക്കും അലോട്ട്‌മെന്റായി. സ്‌പോർട്‌സ് ക്വാട്ടയിൽ 2,889 സീറ്റും എംആർഎസുകളിൽ 359 സീറ്റും ഒഴിവുണ്ട്.
മൂന്നാം അലോട്ട്‌മെന്റ് പ്രകാരം ചൊവ്വ വൈകിട്ട് അഞ്ചു വരെ പ്രവേശനം നേടാം. 18ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. അലോട്ട്‌മെന്റ് വിവരങ്ങൾ www.hscap.kerala.gov.in വെബ്‌സൈറ്റിലുണ്ട്. താൽക്കാലിക പ്രവേശനത്തിലുള്ളവർക്ക് ഉയർന്ന ഓപ്ഷൻ ഇനി നിലനിർത്താനാകില്ല. അലോട്ട്‌മെന്റ് ലഭിച്ച എല്ലാ വിദ്യാർഥികളും ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ തുടർന്നുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല.
മെറിറ്റ് മൂന്നാം അലോട്ട്‌മെന്റിനോടൊപ്പം സ്പോർട്ട്സ് ക്വാട്ട രണ്ടാം അലോട്ട്മെന്റ് പ്രകാരമുള്ള അഡ്‌മിഷൻ, കമ്യൂണിറ്റി, മാനേജ്‌മെന്റ്, അൺഎയ്‌ഡഡ് ക്വാട്ട അഡ്‌മിഷൻ എന്നിവയും നടക്കും. വിവിധ ക്വാട്ടകളിൽ പ്രവേശനത്തിന് അർഹതയുള്ളവർ ഏറ്റവും അനുയോജ്യമായവ തെരഞ്ഞെടുക്കണം. പ്രവേശന നടപടികൾ ഒരേ കാലയളവിൽ ആയതിനാൽ പിന്നീട് മറ്റൊരു ക്വാട്ടയിലേക്ക് പ്രവേശനം മാറ്റാനാകില്ല.
ഇനിയും അപേക്ഷ നൽകാം
പ്ലസ് വൺ പ്രവേശനത്തിന് ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷ സമർപ്പിക്കാം. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതിനാൽ പ്രവേശനത്തിന് പരിഗണിക്കാത്തവർക്കും അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിനായി സമർപ്പിക്കുന്ന ഒഴുവുകളിലേക്ക് അപേക്ഷ പുതുക്കി നൽകാം. സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള നോട്ടിഫിക്കേഷനും ഒഴിവുകളും മുഖ്യഘട്ടത്തിലെ പ്രവേശനനടപടികൾ പൂർത്തിയായതിനുശേഷം പ്രസിദ്ധീകരിക്കും.









0 comments