പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും

തിരുവനന്തപുരം
ഹയർ സെക്കൻഡറി ഒന്നാംവർഷ ക്ലാസുകൾ ബുധനാഴ്‌ച ആരംഭിക്കും. ഏകദേശം 3.44 ലക്ഷം വിദ്യാർഥികളാണ് ക്ലാസുകളിലേക്ക് എത്തുക. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ ഒമ്പതിന് തിരുവനന്തപുരം തൈക്കാട് ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. പ്ലസ് വൺ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്‌മെന്റ് ഞായറാഴ്‌ച പ്രസിദ്ധീകരിച്ചിരുന്നു. ചൊവ്വ വൈകിട്ട് അഞ്ചുവരെ പ്രവേശനം നടന്നു. ഏകജാലക പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിൽ ആകെ 3,12,908 പേർക്കാണ് അലോട്ട്‌മെന്റ് ലഭിച്ചത്. മെറിറ്റ് മൂന്നാം അലോട്ട്‌മെന്റിനോടൊപ്പം സ്പോർട്ട്സ് ക്വോട്ട രണ്ടാം അലോട്ട്മെന്റ് പ്രകാരമുള്ള അഡ്‌മിഷൻ, കമ്യൂണിറ്റി, മാനേജ്‌മെന്റ്, അൺഎയ്‌ഡഡ് ക്വോട്ട അഡ്‌മിഷൻ എന്നിവയും നടന്നു. പ്ലസ് വൺ പ്രവേശനത്തിന് ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷ സമർപ്പിക്കാം. സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള ഒഴിവും മറ്റ് വിശദാംശങ്ങളും 28ന് പ്രസിദ്ധീകരിക്കും. സ്‌പോർട്‌സ് ക്വോട്ട, കമ്യൂണിറ്റി ക്വോട്ട, മാനേജ്‌മെന്റ് ക്വോട്ട എന്നിവയിലെ പ്രവേശനങ്ങൾ 27ന് പൂർത്തീകരിച്ച് ക്വോട്ടകളിലെ വേക്കൻസികൾകൂടി ഉൾപ്പെടുത്തിയാണ് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷ ക്ഷണിക്കുക.
മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതിനാൽ പ്രവേശനത്തിന് പരിഗണിക്കാത്തവർക്കും അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിനായി സമർപ്പിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷ പുതുക്കി നൽകാം.
പ്ലസ് വൺ: ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിൽ തീരുമാനമുണ്ടാകും
പ്രവേശന നടപടികൾ പൂർത്തിയായശേഷവും സ്ഥിരമായി ഒഴിഞ്ഞുകിടക്കുന്ന പ്ലസ് വൺ സീറ്റുകൾ എന്തു ചെയ്യണമെന്നതിൽ ഉടൻ തീരുമാനമെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കഴിഞ്ഞ വർഷം അര ലക്ഷത്തോളം സീറ്റുകൾ ഒഴിഞ്ഞു കിടന്നു. ഈ വർഷവും സീറ്റുകൾ മിച്ചം വരും. പ്ലസ് വൺ പ്രവേശനത്തിൽ മുൻവർഷങ്ങളിലുണ്ടായ പ്രതിസന്ധി ഇത്തവണ പരിഹരിക്കാൻ കഴിഞ്ഞെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.









0 comments