പ്ലസ് വൺ: മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് ഇന്ന്

തിരുവനന്തപുരം
ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്‌മെന്റ് ഞായറാഴ്‌ച പ്രസിദ്ധീകരിക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റാണിത്. 16നും 17നും പ്രവേശനം നടക്കും. അലോട്ട്‌മെന്റിൽ ഇടംലഭിക്കുന്ന മുഴുവൻ പേരും ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. ആദ്യരണ്ട് അലോട്ട്‌മെന്റുകളിലും താൽക്കാലിക പ്രവേശനത്തിന് അനുമതിയുണ്ടായിരുന്നു. പ്രവേശനം നേടാതിരുന്നാൽ തുടർ നടപടികളിൽ നിന്ന് പുറത്താകും. രണ്ടാം അലോട്ട്‌മെന്റ് പൂർത്തിയായപ്പോൾ ആകെ 2,42,688 പേരാണ് പ്രവേശനം നേടിയത്. മൂന്നാം അലോട്ട്‌മെന്റിനായി മെറിറ്റിൽ 93,594 സീറ്റ് ശേഷിക്കുന്നുണ്ട്. വിദ്യാർഥികൾ ഇല്ലാത്തതിനാൽ ഒഴിഞ്ഞു കിടക്കുന്ന സംവരണ സീറ്റുകളും ജനറലിലേക്ക് മാറ്റിയാകും അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുക. അതിനാൽ മൂന്നാം അലോട്ട്‌മെന്റിൽ കൂടുതൽ പേർക്ക് പ്രവേശനം ലഭിക്കും. ഉയർന്ന ഓപ്‌ഷനുകൾ ലഭിക്കുന്നതിനുള്ള സാധ്യതയും കൂടും. 18ന് ക്ലാസ് ആരംഭിക്കും.
ഇതുവരെ അപേക്ഷിക്കാത്തവർക്കും മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതിനാലോ ഓപ്ഷനുകൾ നൽകാത്തതിനാലോ അലോട്ട്മെന്റിന് പരിഗണിക്കാത്തവർക്കും സപ്ലിമെന്ററി ഘട്ടത്തിൽ അപേക്ഷിക്കാം.
സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള ഒഴിവും നോട്ടിഫിക്കേഷനും മുഖ്യഘട്ട പ്രവേശന സമയപരിധിക്കുശേഷം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗം ഒന്നാംവർഷ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്‌മെന്റ് 16 മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും.









0 comments