പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റ്: പ്രവേശനം നേടിയത് 2.42 ലക്ഷം പേർ

തിരുവനന്തപുരം
ഹയർ സെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്‌മെന്റ് നടപടികൾ പൂർത്തിയായപ്പോൾ പ്രവേശനം നേടിയത് 2,42,688 പേർ. ഇതിൽ 1,07,092 പേർക്ക് ഫസ്റ്റ്‌ഓപ്‌ഷൻ തെരഞ്ഞെടുത്ത സ്‌കൂളിൽതന്നെ പ്രവേശനം ലഭിച്ചു. മെറിറ്റ് (സ്ഥിരം) –- 1,41,229, (താൽക്കാലികം) –- 83,751, സ്‌പോർട്‌സ് (സ്ഥിരം) –- 2,639, (താൽക്കാലികം) –- 1992, എംആർഎസ് (സ്ഥിരം) –- 1039, (താൽക്കാലികം) –- 84, കമ്യൂണിറ്റി ക്വാട്ട –- 8971, മാനേജ്‌മെന്റ് –- 1462, അൺഎയ്‌ഡഡ് സ്‌കൂൾ –- 1521 എന്നിങ്ങനെയാണ് പ്രവേശനം നേടിയവരുടെ കണക്ക്.
3,18,574 മെറിറ്റ് സീറ്റുകളിലേക്കാണ് രണ്ടാം അലോട്ട്‌മെന്റ് നടന്നത്. രണ്ടാം അലോട്ട്‌മെന്റിൽ ഇടംപിടിച്ച 18,883 പേർ താൽക്കാലികമോ സ്ഥിരമോ ആയി പ്രവേശനം നേടിയിട്ടില്ല. ഇവരെ 16ന് നടക്കുന്ന മൂന്നാം അലോട്ട്‌മെന്റിൽ പരിഗണിക്കില്ല. അപേക്ഷയിലെ തെറ്റായ വിവരങ്ങൾ കാരണം 268 പേർക്കും പ്രവേശനത്തിന് കഴിഞ്ഞില്ല.
രണ്ടാം അലോട്ട്‌മെന്റിൽ ഒഴിഞ്ഞുകിടന്ന സീറ്റുകളും പ്രവേശനം നേടാത്തതിനാൽ ബാക്കിയായ സീറ്റുകളും അടുത്ത അലോട്ട്‌മെന്റിൽ പരിഗണിക്കും. ഇതോടെ കൂടുതൽപേർക്ക് മൂന്നാം അലോട്ട്‌മെന്റിൽ ഇടം ലഭിക്കും. 18ന് പ്ലസ് വൺ ക്ലാസ് ആരംഭിക്കും.
ഇതുവരെ അപേക്ഷിക്കാത്തവർക്കും മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതിനാലോ ഓപ്ഷനുകൾ നൽകാത്തതിനാലോ അലോട്ട്മെന്റിന് പരിഗണിക്കാത്തവർക്കും സപ്ലിമെന്ററി ഘട്ടത്തിൽ അപേക്ഷിക്കാം. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള ഒഴിവും നോട്ടിഫിക്കേഷനും മുഖ്യഘട്ട പ്രവേശന സമയപരിധിക്കുശേഷം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക്: www.hscap.kerala.gov.in









0 comments