താനൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥിനികളെ പുനെയിൽ കണ്ടെത്തി

താനൂർ: താനൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥിനികളെ കണ്ടെത്തി. ട്രെയിൻ യാത്രക്കിടെ പൂനെയ്ക്ക് അടുത്തുള്ള ലോണാവാലാ സ്റ്റേഷനിൽ വെച്ചാണ് പെൺകുട്ടികളെ കണ്ടെത്തിയത്. മുംബൈയിൽ നിന്നും ചെന്നൈയിലേക്കുള്ള ട്രെയിനിലായിരുന്നു പെൺകുട്ടികൾ.
ചെന്നെെ എഗ്മോർ എക്സ്‌പ്രസിലായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്. കുട്ടികൾക്കായി പൊലീസ് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ഇരുവരെയും പുനെയിൽ എത്തിച്ചു. കുട്ടികളെ നാട്ടിലെത്തിക്കും. ബുധനാഴ്ച ഉച്ചയോടെ പരീക്ഷയ്ക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ വിദ്യാർഥിനികളെയാണ് കാണാതായത്.
ദേവധാർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനികളെയാണ് കാണാതായത്. തുടർന്ന് രണ്ട് കുട്ടികളുടെയും കുടുംബം താനൂർ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടികൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. ജീൻസും ടീ ഷർട്ടുമായിരുന്നു വിദ്യാർഥിനികളുടെ വേഷം.
തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ട് മണിയോടെ വിദ്യാർഥിനികൾ കോഴിക്കോട് എത്തി. ഇതിന് പിന്നാലെ ഇവരുടെയും മൊബൈൽ ഫോൺ സ്വിച്ച് ഓഫായി. മൊബൈൽ സ്വിച്ച് ഓഫ് ആകുന്നതിന് മുൻപായി ഇരുവരുടേയും ഫോണിൽ ഒരേനമ്പറിൽ നിന്ന് കോൾ വന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. എടവണ്ണ സ്വദേശിയായ റഹീം അസ്ലത്തിൻ്റെ പേരിലുള്ള സിം കാർഡിൽ നിന്നായിരുന്നു കോളുകൾ വന്നിരിക്കുന്നത്. ഈ നമ്പറിന്റെ ടവർ ലൊക്കേഷൻ മഹാരാഷ്ട്രയിലാണ് കാണിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചു.
ഇതിനിടെ പെൺകുട്ടികൾ മുംബൈയിലെ സലൂണിൽ എത്തി മുടിവെട്ടിയതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഹെയർ ട്രീറ്റ്‌മെന്റിനായി പതിനായിരം രൂപയാണ് പെൺകുട്ടികൾ സലൂണിൽ ചെലവഴിച്ചത്. പെൺകുട്ടികൾക്കൊപ്പം മുംബൈയിൽ എത്തിയ റഹീം അസ്ലം കേരളത്തിലേക്ക് മടങ്ങിയതായി പാെലീസ് പറഞ്ഞു.









0 comments