അപകീർത്തി പരാമർശം: ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ പി കെ ശ്രീമതിയോട് മാപ്പ് പറഞ്ഞു

തിരുവനന്തപുരം: പി കെ ശ്രീമതിക്കെതിരെ നടത്തിയ അപകീർത്തി പരാമർശത്തിന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ മാപ്പ് പറഞ്ഞു. ഹൈക്കോടതിയിൽ ഹാജരായ ശേഷമാണ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ മാധ്യമങ്ങൾ മുമ്പാകെ ഖേദം പ്രകടിപ്പിച്ചത്.തെളിവുകൾ ഹാജരാക്കാൻ തനിക്ക് കഴിഞ്ഞില്ലെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു.
ചാനൽ ചർച്ചയ്ക്കിടെ നടത്തിയ വസ്തുതാവിരുദ്ധമായ ആരോപണമാണ് കേസിന് ആധാരം. പി കെ ശ്രീമതി മന്ത്രിയായിരിക്കെ മകന്റെ കമ്പനിയിൽ നിന്നും ആരോഗ്യ വകുപ്പ് മരുന്നുകൾ വാങ്ങി എന്നായിരുന്നു ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ ആരോപണം.സത്യം മാത്രമേ ചാനൽ ചർച്ചയിൽ പങ്കെടുക്കുന്നവർ പറയാവൂ എന്ന് ബി ഗോപാലകൃഷ്ണൻ പറഞ്ഞു.
ഉന്നയിച്ച ആരോപണം തെളിയിക്കാൻ തന്റെ കൈവശം തെളിവോ രേഖകളോ ഇല്ലെന്നും ഗോപാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം തന്റെ മകന് മരുന്ന് കമ്പനിയോ മരുന്ന് കച്ചവടമോ ഇല്ലെന്ന് പി കെ ശ്രീമതി വ്യക്തമാക്കുകയായിരുന്നു. ഈ കേസിലാണ് ബി ഗോപാലകൃഷ്ണൻ ഇപ്പോൾ മാപ്പ് പറഞ്ഞിരിക്കുന്നത്.









0 comments