ദുബായിലെ കമ്പനിയിൽ ജോലി; കേരളത്തിൽ ബിസിനസ്: ആരോപണങ്ങൾ തള്ളാതെ ഫിറോസ്

കോഴിക്കോട്: ദുബായിൽ രജിസ്റ്റർ ചെയ്ത കമ്പനിയിൽ ജോലിയുള്ളതായി സമ്മതിച്ച് പി കെ ഫിറോസ്. ഫിറോസ് സെയിൽസ് മാനേജരായ കമ്പനിയുടെ മറവിൽ ഹവാല പണമിടപാട് നടക്കുന്നതായി സംശയിക്കുന്നൂവെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും കെ ടി ജലീൽ എംഎൽഎ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഫിറോസ് ദുബായിലെ കമ്പനിയുമായുള്ള ബന്ധം സമ്മതിച്ചത്. കൂടുതൽ ചോദ്യങ്ങൾ ആരാഞ്ഞ മാധ്യമ പ്രവർത്തകരോട് പരസ്പര വിരുദ്ധമായ മറുചോദ്യങ്ങൾ മാത്രമായിരുന്നു ഫിറോസിന്റെ മറുപടി.
കൊപ്പത്തെ ഹോട്ടലിന്റെ ഉദ്ഘാടനത്തിന് അതിഥികളെ ക്ഷണിച്ചത് താനാണെന്നും അഷറഫ് തന്റെ പാര്‍ട്ണറാണെന്നും ഫിറോസ് പറഞ്ഞു. താന്‍ ബിസിനസ് ചെയ്യുന്ന ആളാണ്. ദുബായിലെ കമ്പനിയിൽ ജോലിയുണ്ട്. കമ്പനിയിലെ മുഴുവൻ സമയ ജീവനക്കാരനല്ല. കെ ടി ജലീൽ പറഞ്ഞ അത്ര വരുമാനം തനിക്കില്ല. എന്നാലും മോശമല്ലാത്ത വരുമാനം നേടുന്നുണ്ട്. താനും കമ്പനിയും തമ്മിൽ പല ധാരണകളുണ്ടാകുമെന്നും ഫിറോസ് പറഞ്ഞു.
അമേരിക്ക, യുകെ, കാനഡ എന്നിവിടങ്ങളിൽ ബിസിനസ് വിസയുണ്ട്. ഈ രാജ്യങ്ങളിൽ ബിസിനസ് ആവശ്യങ്ങൾക്ക് സന്ദർശനം നടത്തിയിട്ടുണ്ട്. ദുബായ് ആസ്ഥാനമായുള്ള ഭക്ഷണ പദാർഥങ്ങൾ കയറ്റി അയയ്ക്കുന്ന ഒരു കമ്പനിയാണ്. ഉടമസ്ഥന്മാരെ കുറിച്ചോ പാർടണർമാരെ കുറിച്ചോ വെളിപ്പെടുത്തുന്നില്ല.
റിവേഴ്സ് ഹവാല വഴി പണം തട്ടുന്ന കമ്പനിയിലാണ് ജോലി ചെയ്യുന്നത് എന്നത് ഗുരുതരമായ ആരോപണമാണ്. അതിന് മറുപടി പറയേണ്ടതുണ്ട്. ആരോപണത്തിൽ എന്തെങ്കിലും സത്യമുണ്ടോ എന്നറിയാൻ കമ്പനിയുടേയും തന്റെയും ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കട്ടെയെന്നും ഫിറോസ് പറഞ്ഞു. കെ ടിജലീലിന് തന്നോട് പകയാണെന്ന ബാലിശ വാദമുന്നെയിച്ച് ആരോപണങ്ങൾ മറച്ചുപിടിക്കുകയായിരുന്നു വാർത്താ സമ്മേളനത്തിൽ പി കെ ഫിറോസ്.









0 comments