സുനിതയും ബുച്ചും രചിച്ചിരിക്കുന്നത് ഇച്ഛാശക്തിയുടെയും ആത്മവീര്യത്തിന്റെയും പുതുചരിത്രം: പിണറായി വിജയൻ

സുനിത വില്ല്യംസ്, ബുച്ച് വിൽമോർ. PHOTO: Facebook/NASA
തിരുവനന്തപുരം: ഇച്ഛാശക്തിയുടെയും ആത്മവീര്യത്തിന്റെയും പുതുചരിത്രം രചിച്ചുകൊണ്ടാണ് നാസയുടെ ബഹിരാകാശ യാത്രികരായ സുനിതാ വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ തിരിച്ചെത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിസന്ധികളെ സംയമനത്തോടെ നേരിട്ടുകൊണ്ട് സുനിതയും ബുച്ചും ലോകത്തിനാകെ ആവേശകരമായ ഒരു അധ്യായമാണ് കുറിച്ചിരിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം ഇരുവരെയും അഭിവാദ്യങ്ങളും ചെയ്തു. ഫെയ്‌സ്‌ബുക്കിലാ്ണ് മുഖ്യമന്ത്രി നാസയുടെ ബഹിരാകാശ യാത്രികർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചത്.
മുഖ്യമന്ത്രിയുടെ ഫെയ്‌സ്‌ബുക്ക് കുറിപ്പ്
കഴിഞ്ഞ ജൂണിൽ എട്ടുദിവസത്തേക്കുള്ള ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ സുനിതയുടെയും ബുച്ചിന്റെയും മടക്കയാത്ര പല സാങ്കേതിക പ്രശ്നങ്ങൾ മൂലം നീളുകയായിരുന്നു. 9 മാസത്തിലേറെ നീണ്ട ബഹിരാകാശ വാസത്തിനിടെ ഏറ്റവും കൂടുതല്‍ സമയം സ്പേസ് വോക്ക് നടത്തിയ വനിതയെന്ന നേട്ടവും അവർ കരസ്ഥമാക്കി. പ്രതിസന്ധികളെ സംയമനത്തോടെ നേരിട്ടുകൊണ്ട് സുനിത വില്യംസും ബുച്ച് വിൽമോറും ലോകത്തിനാകെ ആവേശകരമായ ഒരു അധ്യായമാണ് കുറിച്ചിരിക്കുന്നത്. അവർക്ക് ഹൃദയാഭിവാദ്യങ്ങൾ.
താരകങ്ങളെ സ്വാഗതം
ഒമ്പതുമാസത്തിലേറെയായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു സുനിതയും ബുച്ചും. നിലയത്തിൽനിന്ന് 17 മണിക്കൂർ നീണ്ട യാത്രക്കൊടുവിൽ ഇന്ത്യൻ സമയം ബുധൻ പുലർച്ചെ 3.27 നാണ് പേടകം കടൽതൊട്ടത്. പേടകം വീണ്ടെടുത്ത് സുനിതയെയും സംഘത്തെയും കരയിലെത്തിച്ചു. നാസയുടെ ജോൺസൺ സ്‌പേസ് സെന്ററിലെത്തിച്ച് വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കി. ദീർഘകാലം ബഹിരാകാശത്ത് കഴിഞ്ഞതിനാൽ ആരോഗ്യപ്രശ്‌നങ്ങൾക്ക് സാധ്യതയുള്ളതിനാൽ ഇവർ നിരീക്ഷണത്തിലായിരിക്കും.









0 comments