എല്ലാവരിലേക്കും ഗുണഫലങ്ങൾ എത്തിക്കാനാകണമെന്ന ഇച്ഛാശക്തിയോടെയാണ് ഓരോ വികസനപദ്ധതിയും നടപ്പാക്കുന്നത്
കെ ഫോൺ ; തകർക്കാൻ ശ്രമിച്ചാൽ കരുത്താര്‍ജിക്കും : മുഖ്യമന്ത്രി

കെ ഫോൺ ഒടിടി പ്ലാറ്റ്ഫോമിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു
തിരുവനന്തപുരം
തകർക്കാൻ ശ്രമിക്കുമ്പോൾ കൂടുതൽ കരുത്തോടെ ഉയർന്നുവരും എന്നതാണ് കേരളമാതൃകയുടെ അടിസ്ഥാനമെന്നും കെഫോണിന്റെ കാര്യത്തിലും അതാണ് പ്രതിഫലിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാവരിലേക്കും ഗുണഫലങ്ങൾ എത്തിക്കാനാകണമെന്ന ഇച്ഛാശക്തിയോടെയാണ് ഓരോ വികസനപദ്ധതിയും നടപ്പാക്കുന്നത്. ഇത്തരം കാര്യങ്ങൾ ആളുകളെ അറിയിക്കുന്നതിൽ പല മാധ്യമങ്ങളും തൽപ്പരരല്ല. കെ ഫോണിന്റെ കാര്യത്തിലും ഇതുതന്നെയാണ് ഉണ്ടായതെന്നും കെഫോൺ ഒടിടി പ്ലാറ്റ്‌ഫോം ഉദ്‌ഘാടനം ചെയ്‌ത് മുഖ്യമന്ത്രി പറഞ്ഞു.
കെഫോൺ പദ്ധതി മുന്നോട്ടുവയ്‌ക്കുമ്പോൾത്തന്നെ തകർക്കാൻ കുറച്ചാളുകൾ മുന്നിട്ടിറങ്ങി. പദ്ധതി യാഥാർഥ്യമാകില്ല എന്നവർ ആദ്യം പറഞ്ഞു. യാഥാർഥ്യമായപ്പോൾ, ഇനിയിത് മുന്നോട്ടുപോകില്ല എന്നായി. മുന്നോട്ടുപോയപ്പോൾ തകർക്കാൻ വ്യാജ ആരോപണങ്ങളുന്നയിച്ചു. പദ്ധതി നിർത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ചിലർ ഹൈക്കോടതിവരെ പോയി. നിങ്ങൾക്ക് പബ്ലിക് ഇന്ററസ്‌റ്റാണോ, പബ്ലിസിറ്റി ഇന്ററസ്‌റ്റാണോ എന്നാണ് കോടതി ചോദിച്ചത്. സ്ഥാപിത താൽപ്പര്യങ്ങളോടെയുള്ള പ്രതിഷേധങ്ങൾക്കു മുന്നിൽ സർക്കാർ മുട്ടുമടക്കിയില്ല. തികഞ്ഞ ഇച്ഛാശക്തിയോടെ നടപ്പാക്കുകതന്നെ ചെയ്‌തു.
ഭവനരഹിതർക്ക് വീട് നൽകാൻ ആരംഭിച്ച പദ്ധതിയെയും തകർക്കാൻ ശ്രമിച്ചു. അടിസ്ഥാനസൗകര്യ വികസനം യാഥാർഥ്യമാക്കാൻ കിഫ്‌ബിയെ പുനരുജ്ജീവിച്ചപ്പോൾ തുരങ്കംവയ്‌ക്കാൻ നോക്കി. സർക്കാർ പിന്നോട്ടുപോയില്ല. അഞ്ചുലക്ഷത്തോളം കുടുംബങ്ങൾക്ക് വീട് ലഭ്യമാക്കി. 90,000 കോടിയോളം രൂപയുടെ വികസനപദ്ധതികൾ നടപ്പാക്കിയാണ് മുന്നോട്ടുപോകുന്നത്.
എത്രയൊക്കെ ചവിട്ടിത്താഴ്‌ത്താനും ഇല്ലാതാക്കാനും ശ്രമിച്ചാലും സത്യത്തിനും നന്മയ്‌ക്കും തിരിച്ചുവരവുണ്ടാകും എന്ന, ഓണം നൽകുന്ന പാഠം തന്നെയാണ് കേരളമാതൃകയുടെ അടിസ്ഥാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായി.









0 comments