ഒരുമയാണ് ഇന്ത്യയുടെ അടിത്തറ: മുഖ്യമന്ത്രി

തിരുവനന്തപുരം
ജാതിമതാദി വേർതിരിവിന് അതീതമായ മനുഷ്യമനസ്സുകളുടെ ഒരുമയാണ് ഇന്ത്യ എന്ന വികാരത്തിന്റെ അടിത്തറയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ സ്വാതന്ത്ര്യദിനപരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരുപാടു കാര്യങ്ങളിൽ മുമ്പോട്ടുപോകാൻ കഴിഞ്ഞിട്ടുണ്ട്. ആ നേട്ടങ്ങളിൽ അഭിമാനിക്കുമ്പോഴും ഇന്ത്യൻ സാമൂഹ്യ യാഥാർഥ്യങ്ങളെക്കുറിച്ചു നാം വിസ്മരിച്ചുകൂടാ. ദാരിദ്ര്യമില്ലാത്ത, പട്ടിണിമരണമില്ലാത്ത, ബാലവേലയില്ലാത്ത, നിരക്ഷരരില്ലാത്ത, ജാതിവിവേചനമില്ലാത്ത, മതവിദ്വേഷമില്ലാത്ത, ജീവിതായോധനത്തിനുള്ള ഉപാധികൾ നിഷേധിക്കപ്പെടാത്ത, തൊഴിലില്ലായ്മയില്ലാത്ത ഒരു ഇന്ത്യ യാഥാർഥ്യമാക്കാൻ കഴിഞ്ഞിട്ടില്ല.
ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം ഒരു ചെറിയ ഇടവേളയിലൊഴികെ രാജ്യത്ത് ജനാധിപത്യം നിലനിർത്താൻ കഴിഞ്ഞു എന്നതാണ്. ജനാധിപത്യം ആത്യന്തികമായി ധ്വംസിക്കപ്പെടരുത് എന്ന കാര്യത്തിൽ ഭരണഘടനാ നിർമാതാക്കൾവച്ച നിഷ്‌കർഷ ഭരണഘടനയിൽ പ്രതിഫലിച്ചു കാണാം. അതിനെ പരിരക്ഷിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജാതി പറഞ്ഞും മതം പറഞ്ഞും ‘ഇന്ത്യ എന്ന വികാര'ത്തെ ഛിദ്രമാക്കാനുള്ള ശ്രമത്തെ ഒറ്റമനസ്സായി ചെറുത്തുതോൽപ്പിക്കാൻ കഴിയണം. ഒരു വൈജ്ഞാനിക നൂതനത്വ സമൂഹമായി കേരളത്തെ പരിവർത്തിക്കാനുള്ള ദൗത്യം നാം ഏറ്റെടുത്തിരിക്കുന്ന ഘട്ടമാണിത്. എല്ലാവരെയും ഉൾക്കൊണ്ടുകൊണ്ടുള്ള സമഗ്രമായ മുന്നേറ്റമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.









0 comments