കലയുടെ വർഗീയവൽക്കരണത്തിനെതിരെ മലയാള സിനിമാലോകം

തിരുവനന്തപുരം
കേരള സ്റ്റോറിക്ക് ദേശീയ പുരസ്കാരം ലഭിച്ചതിനെതിരെയുള്ള മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് മലയാള സിനിമയുടെ കൈയടി. ഫിലിം പോളിസി കോൺക്ലേവ് ഉദ്ഘാടനം ചെയ്യവേയാണ് ‘ദേശീയ അവാർഡിനായി അർഹമായ ചിത്രം വ്യാജ നിർമിതികൾകൊണ്ട് കേരളത്തെ മോശമായി ചിത്രീകരിക്കുകയാണെ’ന്ന് പിണറായി വിജയൻ പറഞ്ഞത്. ഈ വാക്കുകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാനലിസ്റ്റുകൾ ഒന്നാകെ കൈയടിക്കുകയായിരുന്നു.
‘കേരള സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ചലച്ചിത്രവും ദേശീയ പുരസ്കാരത്തിന് അര്‍ഹമായവയിലുണ്ട്. ഏതെങ്കിലും തരത്തില്‍ കലയ്ക്കുള്ള അംഗീകാരമായി അതിനെ കണക്കാക്കാനാകില്ല. വര്‍ഗീയ വിദ്വേഷം പടര്‍ത്താനുള്ള ഉപാധിയായി ചലച്ചിത്രങ്ങളെ ദുരുപയോഗിക്കുന്ന സാംസ്‌കാരിക ദുഷിപ്പിനുള്ള അംഗീകാരമായി മാത്രമേ അതിനെ കാണാന്‍ കഴിയൂ. കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ അപമാനിക്കുന്ന ചലച്ചിത്രമാണ് അംഗീകരിക്കപ്പെട്ടത്. ഇത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്. ഇന്ത്യൻ സിനിമയുടെ മഹത്തായ സാംസ്‌കാരിക പൈതൃകംകൂടിയാണ് ഇതിലൂടെ അപമാനിക്കപ്പെടുന്നത്. കലയെ വിലയിരുത്തുന്നതിന് കലയ്ക്ക് അപ്പുറമുള്ള മാനദണ്ഡങ്ങൾ ഉപയോഗിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് നാം ചിന്തിക്കണം.

രാജ്യത്തിന്റെ മതനിരപേക്ഷതയെ തകർത്ത്, അതിനെ വർഗീയതകൊണ്ട് പകരം വയ്ക്കാൻ കലയെ ഉപയോഗിക്കണമെന്ന സന്ദേശമാണ് ഇതിനു പിന്നിലുള്ളത്. കേരളത്തിലെ സാംസ്‌കാരിക സമൂഹം, വിശേഷിച്ച് ചലച്ചിത്ര സമൂഹം ഈ നീക്കത്തിനെതിരെ ഒറ്റക്കെട്ടായി നിൽക്കണം. കേരളത്തെ ഇത്തരത്തിൽ വികലമായി ചിത്രീകരിക്കുന്നതിനെതിരെ ചലച്ചിത്ര പൊതുബോധം ഒന്നാകെ ഉണരണം. നമ്മുടെ സംസ്‌കാരത്തെയും പൈതൃകത്തെയും ചരിത്രത്തെയും വിധ്വംസകമായി അവതരിപ്പിക്കുന്നതിന് അറുതി വരുത്തണം. മലയാള സിനിമ മഹത്വമാർജിച്ചത് അത് മണ്ണിനോടും മനസ്സിനോടും മാനവികതയോടും മതനിരപേക്ഷ ജീവിതക്രമത്തോടും ചേർന്നുനിന്നതുകൊണ്ടാണ്. ആ അടിത്തറയ്ക്കു നേർക്കാണ് ആക്രണമുണ്ടാകുന്നത്.
ലോകമാകെ അറിയപ്പെടുന്ന കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം കൂടുതൽ തെളിഞ്ഞു വരുന്നതാണ് ഇപ്പോൾ കാണുന്നത്. അങ്ങനെയൊരു ഘട്ടത്തിലാണ് അതിനെ വക്രീകരിച്ച് അവതരിപ്പിക്കുകയും പരസ്‌പരസ്പർധ വളർത്താനായി ഉപയോഗിക്കുകയും ചെയ്യുന്നത്. ഇത്തരം പ്രവണതകൾ തീർച്ചയായും ചലച്ചിത്ര ഇടങ്ങളിൽ ചർച്ച ചെയ്യപ്പെടണം’–- മുഖ്യമന്ത്രി പറഞ്ഞു.









0 comments