നിറച്ചാർത്തണിയുന്നു സ്വപ്‌നം; മാരിവില്ലഴകിട്ട് പെരുമ്പളം പാലം

ടി പി സുന്ദരേശൻ
Published on Aug 17, 2025, 01:03 AM | 1 min read
ചേർത്തല: സംസ്ഥാനത്ത് കായലിന് കുറുകെയുള്ളവയിൽ വലിപ്പത്തിൽ മുമ്പനായ പെരുമ്പളം പാലം മാരിവില്ലഴകോടെ അത്യാകർഷകമാകും. പെയിന്റിങ്ങിന്റെയും ദീപവിതാനത്തിന്റെയും രൂപകൽപന പാലത്തിന് ദൃശ്യചാരുതയേകുംവിധമാണ്. പൂർത്തിയായ പാലത്തിൽ ഒരുമാസംനീളുന്ന പെയിന്റിങ്ങിന് പ്രാരംഭജോലി തുടങ്ങി. പെരുമ്പളം ഭാഗത്ത് സമീപനറോഡ് നിർമാണം പുരോഗമിക്കുന്നു. പാലങ്ങൾ സഞ്ചാരികളെ ആകർഷിക്കുന്നവ കൂടിയാകണമെന്ന പൊതുമരാമത്ത് വകുപ്പ് കാഴ്‌ചപ്പാടിന് അനുസൃതമായാണ് രൂപകൽപ്പന. ഒരുകിലോമീറ്ററിലേറെ നീളുന്ന പാലത്തിന്റെ മധ്യത്തിലായി മൂന്ന് സ്‌പാൻ തൂണുകൾ ഒഴിവാക്കി ബോസ്‌ട്രിങ് ആർച്ച് മാതൃകയിലാണ് നിർമിതി. ദേശീയ ജലപാത സുഗമമാക്കാനാണിത്. ഇവിടെ മഴവില്ലിന്റെ സൗന്ദര്യത്തോടെയാകും നിറച്ചാർത്ത്. ശേഷിക്കുന്ന പാലത്തിനും കൈവരിക്കും അത്യാകർഷകമായി നിറംപൂശാനാണ് പദ്ധതി. വേമ്പനാട് കായൽനടുവിലെ പെരുമ്പളം പഞ്ചായത്തിനെ പടിഞ്ഞാറേക്കരയുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമിതി പൂർത്തിയായപ്പോൾതന്നെ വിസ്‌മയക്കാഴ്‌ചയായി. പെയിന്റിങ്ങും ദീപവിതാനവും കൂടിയാകുമ്പോൾ ആരെയും വിസ്‌മയിപ്പിക്കുന്നതാകും. പാലത്തിൽ ചായംപൂശലിന് മുന്നോടിയായി പുട്ടിയടിക്കൽ പുരോഗതിയിലാണ്. പ്രതലം പൂർണമായി യന്ത്രസഹായത്തോടെ മിനുസപ്പെടുത്തിയശേഷം പുട്ടിയടി ഒരുമാസം നീളും. നീലജലാശയത്തിന് കുറുകെ മാരിവില്ലഴകോടെ പാലം വിനോദസഞ്ചാര വികസനത്തിനുകൂടി ഉതകുന്നതാകും. പെരുമ്പളം പഞ്ചായത്തും സമീപകരകളും കേന്ദ്രീകരിച്ച് വിനോദസഞ്ചാര പദ്ധതികളും സർക്കാർ പരിഗണനയിലുണ്ട്. ഉത്തരവാദിത്ത ടൂറിസം വികസനത്തിന് പ്രാരംഭപ്രവർത്തനം പെരുമ്പളത്ത് ഇതിനകം തുടങ്ങി. പാലം പൂർത്തിയായതറിഞ്ഞ് ദൂരത്തുനിന്നുപോലും വിസ്‌മയക്കാഴ്‌ച കാണാൻ ഇപ്പോൾതന്നെ ആളുകളെത്തുന്നുണ്ട്. പെരുമ്പളത്ത് സമീപനറോഡ് നിർമാണം പ്രതികൂല കാലാവസ്ഥയിലും പുരോഗമിക്കുന്നു. പടിഞ്ഞാറെക്കരയിൽ സമീപനറോഡ് പൂർത്തീകരണ ഘട്ടത്തിലാണ്.









0 comments