പെരിങ്ങമ്മല സംഘം അഴിമതി ; ബിജെപി ജനറൽ സെക്രട്ടറി എസ് സുരേഷ് 43 ലക്ഷം തിരിച്ചടയ്‌ക്കണം


സി കെ ദിനേശ്
Published on Nov 19, 2025, 01:15 AM | 1 min read
തിരുവനന്തപുരം
പെരിങ്ങമ്മല ലേബർ കോൺട്രാക്‌ട് സഹകരണ സംഘം അഴിമതിയിൽ സംഘം വൈസ് പ്രസിഡന്റും ബിജെപി ജനറൽ സെക്രട്ടറിയുമായ എസ് സുരേഷ് 43 ലക്ഷം രൂപ പലിശ സഹിതം തിരിച്ചടയ്‌ക്കണമെന്ന് സഹകരണ വകുപ്പ് ഉത്തരവ്.
ബിജെപി ഭരിച്ച സഹകരണ സംഘം അഴിമതിയും കെടുകാര്യസ്ഥതയും മൂലം 2013ൽ പൂട്ടുന്പോൾ 4.16 കോടിയായിരുന്നു നഷ്‌ടം. പ്രസിഡന്റായിരുന്ന ആർഎസ്‌എസ് മുൻ വിഭാഗ് ശാരീരിക് പ്രമുഖ് ജി പത്മകുമാർ 46 ലക്ഷമാണ് തിരിച്ചടയ്‌ക്കേണ്ടത്. ഭരണസമിതിയിലെ 16ൽ ഏഴുപേർ 46 ലക്ഷം വീതവും ഒന്പത് പേർ 19 ലക്ഷവും വീതം തിരിച്ചടയ്‌ക്കണം. ഇൗ പണം 2013 മുതൽ 18 ശതമാനം പലിശസഹിതം നോട്ടീസ് കൈപ്പറ്റി ഒരു മാസത്തിനകം തിരിച്ചടയ്‌ക്കണമെന്നും ഇല്ലെങ്കിൽ ജപ്തി നടപടികളിലേക്ക് കടക്കുമെന്നുമാണ് ഉത്തരവ്.
ഭരണസമിതിയിലുള്ളവർ നിയമംലംഘിച്ച് വായ്‌പയെടുത്തും ബിനാമി ഇടപാടുകൾ നടത്തിയുമാണ് സംഘം നഷ്‌ടത്തിലാക്കി പൂട്ടിച്ചത്. അഴിമതി, ആസ്‌തിനഷ്ടം എന്നിവ സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഭരണസമിതിയംഗങ്ങൾ അതേ സംഘത്തിൽനിന്ന് വായ്‌പ എടുക്കാൻ പാടില്ലെന്ന നിയമം ലംഘിച്ചാണ് എസ് സുരേഷ് വായ്‌പയെടുത്തത്. 2013 ജൂലൈ മുതൽ ഇൗ സമിതി സഹകരണ നിയമവും അതത് സമയത്ത് സഹകരണ വകുപ്പ് നൽകിയ സർക്കുലറുകളും ലംഘിച്ചാണ് പ്രവർത്തിച്ചതെന്നും കണ്ടെത്തി. ആകെ 4,15,77, 249 രൂപയാണ് അഴിമതി മൂലം നഷ്‌ടമായതെന്നും അന്വേഷണത്തിൽ വ്യക്തമായി.






0 comments