പ്രതികളെ ബലമായി സ്‌റ്റേഷനിൽനിന്ന് മോചിപ്പിക്കാൻ ശ്രമം
print edition പൊലീസിനെ ആക്രമിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അറസ്റ്റിൽ

പേരാമ്പ്ര (കോഴിക്കോട്)
പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചുകയറി പ്രതികളെ ബലമായി മോചിപ്പിക്കാൻ ശ്രമിക്കുകയും തടയാനെത്തിയ പൊലീസുകാരെ ആക്രമിക്കുകയും ചെയ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്തംഗവുമായ വി പി ദുൽഖിഫിൽ (36) അറസ്റ്റിൽ. സാരമായി പരിക്കേറ്റ സിപിഒ സി ജി വിനോദ്കുമാറിനെ (45) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും സിപിഒ ജോജോ ജോസഫിനെ (40) പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനി രാവിലെ 10.40നാണ് യൂത്ത് കോൺഗ്രസിന്റെയും യൂത്ത് ലീഗിന്റെയും നേതാക്കൾ പൊലീസ് സ്റ്റേഷനിൽ അക്രമം നടത്തിയത്.
ഒക്ടോബർ 10ന് വൈകിട്ട് യുഡിഎഫ് പേരാമ്പ്രയിൽ നടത്തിയ പ്രകടനത്തിൽനിന്ന് പൊലീസിനുനേരെ നാടൻ ബോംബെറിഞ്ഞ കേസിൽ രാവിലെ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. യൂത്ത് ലീഗ് ചെറുവണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് കിണറ്റുംകര കെ കെ മുഹമ്മദ് (32), കോൺഗ്രസ് പ്രവർത്തകൻ കിഴക്കൻ പേരാമ്പ്രയിലെ താനിക്കണ്ടി സുബൈർ (43) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ മോചിപ്പിക്കാനാണ് ദുൽഖിഫിലും സംഘവും സ്റ്റേഷനിലെത്തിയത്. പുറത്ത് യുഡിഎഫുകാർ സംഘം ചേർന്നതിനാൽ സ്‌റ്റേഷന്റെ മുൻവശത്തെ ഇരുന്പു ഗ്രിൽ അടച്ചിരുന്നു.
അറസ്‌റ്റിലായവരെ വിട്ടയക്കണമെന്നാക്രോശിച്ച് എത്തിയ ദുൽഖിഫിൽ ഗ്രിൽസ് ബലമായി തുറന്ന് അകത്തുകയറിയപ്പോൾ പാറാവ് ഡ്യൂട്ടിയിലുള്ള വിനോദ് കുമാർ തടഞ്ഞു. വിനോദിനെ കോളറിന് പിടിച്ചുവലിച്ച് പുറത്തേക്ക് വലിച്ചിട്ട് കഴുത്തിൽ കുത്തിപ്പിടിക്കുകയും നെഞ്ചിൽ കുത്തുകയും ചെയ്‌തു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് സിപിഒ ജോജോ ജോസഫിനെ ആക്രമിച്ചത്. സ്റ്റേഷനിലുള്ള പൊലീസുകാർ ചേർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
സ്റ്റേഷൻ കൈയേറി കസ്റ്റഡിയിലുള്ള പ്രതികളെ മോചിപ്പിക്കാൻ ശ്രമിച്ചതിനും തടയാനെത്തിയ പൊലീസുകാരെ ആക്രമിച്ച് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസെടുത്തത്. പയ്യോളി കോടതിയിൽ ഹാജരാക്കി. ദുൽഖിഫിൽ ഇതിനുമുമ്പും പലതവണ പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെത്തി തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജനപ്രതിനിധിയായതിനാൽ കേസെടുക്കാതിരുന്നതാണെന്ന് പൊലീസ് പറഞ്ഞു.









0 comments