പേരാമ്പ്രയിൽ നടന്നത് അക്രമ ഷോ ; പൊലീസിനുനേരെ എറിഞ്ഞത് നാടൻബോംബ്

റൂറൽ ജില്ലാ പൊലീസ് മേധാവി കെ ഇ ബൈജുവിന്റെ നേതൃത്വത്തിൽ പേരാമ്പ്രയിൽ നടന്ന പരിശോധനയിൽ ബോംബിന്റെ അവശിഷ്ടം ശേഖരിക്കുന്നു
പേരാമ്പ്ര
പേരാമ്പ്രയിൽ പൊലീസിനുനേരെ യുഡിഎഫുകാർ എറിഞ്ഞത് നാടൻബോംബാണെന്ന് തെളിഞ്ഞു. പൊലീസ് നടത്തിയ ശാസ്‌ത്രീയ പരിശോധനയിൽ നാടൻ ബോംബിന്റെ അവശിഷ്ടം കണ്ടെത്തി. പേരാന്പ്രയിൽ വൻ അക്രമം അഴിച്ചുവിട്ട് നാട്ടിലാകെ കലാപം സൃഷ്‌ടിക്കാൻ കോൺഗ്രസ് നേതൃത്വത്തിൽ നടത്തിയ വൻ ഗൂഢാലോചന വ്യക്തമാക്കുന്നതാണിത്. റോഡിലടക്കം നടത്തിയ പരിശോധനയിൽ എട്ടിടത്തുനിന്ന് വെടിമരുന്ന് ഗന്ധമുള്ള ചാക്കുനൂലുകളും ഇരുമ്പുചീളുകളും കിട്ടി. മാരകശേഷിയുള്ള സ്‌ഫോടനത്തിന് ആസൂത്രിതനീക്കം അരങ്ങേറിയെന്നാണിത് തെളിയിക്കുന്നത്.
പൊലീസിനെ ആക്രമിച്ച് പ്രകോപനമുണ്ടാക്കാൻ ഷാഫി പറന്പിൽ എംപിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്‌ച സംഘടിതശ്രമം നടത്തിയെങ്കിലും പൊലീസ് സംയമനം പാലിച്ചതിനാൽ വിജയിച്ചില്ല. വൈകിട്ട് യുഡിഎഫ് പ്രകടനം അക്രമാസക്തമാവുകയും പൊലീസിനുനേരെ കല്ലെറിയുകയുമായിരുന്നു. ഷാഫി എത്തിയതോടെ അക്രമം രൂക്ഷമായി. എംപിയും പൊലീസുകാർക്കെതിരെ തട്ടിക്കയറി.
ഈ സമയത്താണ് പൊലീസുകാർക്കിടയിലേക്ക് പ്രകടനത്തിൽനിന്ന് ബോംബേറുണ്ടായത്. നിലത്തുവീണ ബോംബ് ഉഗ്രശബ്ദത്തോടെ പൊട്ടിയപ്പോൾ പൊലീസുകാർ ചിതറിയോടി. ബോംബേറിൽ രണ്ട് ഡിവൈഎസ്‌പിമാരടക്കം 10 പൊലീസുകാർക്ക് പരിക്കേറ്റു. തുടർന്നാണ് കള്ളക്കഥയും ഷോയും അരങ്ങേറിയത്. അക്രമം നടത്താനായി ജില്ലയ്ക്ക് പുറത്തുനിന്നുള്ള ക്രിമിനൽ സംഘങ്ങളെ പേരാമ്പ്രയിൽ എത്തിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അക്രമ സംഭവങ്ങളിൽ അഞ്ചും സൈബർ ആക്രമണത്തിൽ നാലും കേസാണ് രജിസ്റ്റർ ചെയ്തത്.
റൂറൽ ജില്ലാ പൊലീസ് മേധാവി കെ ഇ ബൈജു, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി കെ സി സുരേഷ് ബാബു, പേരാമ്പ്ര ഡിവൈഎസ്‌പി എൻ സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശാസ്‌ത്രീയപരിശോധന. ബോംബിന്റെ അവശിഷ്‌ടം ലഭിച്ചതോടെ അക്രമത്തിന്റെ വീഡിയോദൃശ്യം പരിശോധിച്ച് പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഫോറൻസിക് സംഘം കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ സ്ഫോടനം നടന്നതായി തെളിഞ്ഞിരുന്നു. വൈകിട്ട് കണ്ണൂർ മേഖലാ ഡിഐജി യതീഷ്ചന്ദ്രയും സ്ഥലം സന്ദർശിച്ചു.









0 comments