കേരളത്തിൽ നിന്ന്‌ കുരുമുളക്‌ തൈകൾ ഉഗാണ്ടയിലേക്ക്‌

Pepper seedlings
avatar
പി പ്രമോദ്‌

Published on Aug 29, 2025, 01:38 AM | 1 min read

മാവേലിക്കര: കേരളത്തിൽനിന്ന്‌ ആദ്യമായി കുരുമുളകുതൈകൾ ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിലേക്ക്‌ പറക്കുന്നു. ആലപ്പുഴ ഭരണിക്കാവ്‌ സഹകരണ ബാങ്കാണ്‌ ഇതിന്‌ സംവിധാനം ഒരുക്കുന്നത്‌. വർഷങ്ങളായി ഉഗാണ്ടയിൽ ജോലിചെയ്യുന്ന പത്തനംതിട്ട സ്വദേശിയാണ്‌ അവിടെ കൃഷിയിറക്കുന്നത്. ഇതിനായി തൈകൾ എത്തിക്കാൻ പലസ്ഥാപനങ്ങളെയും കാർഷികവിദഗ്‌ധരെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തൈ കയറ്റുമതിക്കുള്ള നിയന്ത്രണങ്ങൾ തടസമായി. ഒടുവിൽ, ഇദ്ദേഹത്തിന്റെ ബന്ധു വഴിയുള്ള അന്വേഷണങ്ങൾ ഭരണിക്കാവ് സഹകരണ ബാങ്കിൽ അവസാനിക്കുകയായിരുന്നു. കാർഷികരംഗത്ത്‌ ബാങ്ക്‌ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച്‌ അറിഞ്ഞാണ്‌ ഇവിടെയെത്തിയത്‌. ബാങ്ക് പ്രസിഡന്റ്‌ കോശി അലക്‌സ്‌ ഇതിനായി മുന്നിട്ടിറങ്ങി. ബാങ്കിന്റെ കൃഷി ഓഫീസർ അഭിലാഷ് കരിമുളയ്ക്കലിനെയും കൺസൾട്ടന്റ് കെ ഐ അനിയനെയും തുടർ പ്രവർത്തനങ്ങൾക്കുള്ള ചുമതല ഏൽപ്പിച്ചു.


കരിമുണ്ട, പന്നിയൂർ 1 എന്നീ ഇനങ്ങളിൽപ്പെട്ട 1000 കുരുമുളക് തൈകളാണ് അയക്കാൻ തയ്യാറായിരിക്കുന്നത്. ക്വാറന്റൈൻ റെഗുലേഷൻ ഉള്ളതിനാൽ മണ്ണ് നിറച്ച് ഗ്രോബാഗ് കയറ്റി അയ്ക്കാൻ കഴിയില്ല. അതിനാൽ ഒരടി വരെ വളർത്തിയ കുരുമുളകുതൈകൾ മണ്ണ് പൂർണമായി നീക്കം ചെയ്ത് കഴുകിയെടുത്ത് ചകിരിച്ചോർ നിറച്ച ചെറിയ ഗ്രോബാഗുകളിൽ നട്ടു. ചെറിയ ഈർപ്പം കൊടുത്ത് ഒരു മാസത്തോളം പ്രത്യേക അന്തരീക്ഷത്തിൽ സൂക്ഷിച്ചു. പത്രപോഷണ രീതിയിൽ വളവും കുമിൾനാശിനിയും നൽകി. ഉഗാണ്ടയിൽ എത്താൻ കുറഞ്ഞത് പത്ത് ദിവസങ്ങളെങ്കിലും എടുക്കും എന്നതിനാൽ എല്ലാ സുരക്ഷാ ക്രമീകരണങ്ങളോടും കൂടിയാണ് തൈകൾ തയ്യാറാക്കിയത്. പ്രത്യേകം തയ്യാറാക്കിയ കണ്ടയ്നറുകളിലാണ് തൈകൾ നിറച്ചത്. ഇത്‌ ഉടൻതന്നെ കയറ്റി അയക്കും.




deshabhimani section

Related News

View More
0 comments
Sort by

Home