വിദ്വേഷ പരാമർശം: വീണ്ടും ജാമ്യാപേക്ഷ നൽകി പി സി ജോർജ്

കോട്ടയം: മതവിദ്വേഷ പരാമർശത്തിന് റിമാൻഡിലായ ബിജെപി നേതാവ് പി സി ജോർജ് ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയിൽ വീണ്ടും ജാമ്യാപേക്ഷ നൽകി. ഇത് വ്യാഴാഴ്‌ച പരിഗണിക്കും. നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിൽ ചികിത്സയിലാണ് ജോർജ്. തിങ്കളാഴ്‌ച ഈരാറ്റുപേട്ട കോടതിയിൽ നൽകിയ ജാമ്യാപേക്ഷ തള്ളിയായിരുന്നു റിമാൻഡ് ചെയ്‌തത്.
മെഡിക്കൽ കോളേജിലെ പ്രിസൺ സെല്ലിലേക്ക് മാറ്റാനാണ് ഇരുന്നതെങ്കിലും ഇസിജിയിൽ വ്യതിയാനം കണ്ടതിനെതുടർന്ന് കാർഡിയോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്‌തികരമാണ്. ശ്വാസകോശ സംബന്ധവും ഹൃദയസംബന്ധവുമായ പ്രശ്‌നങ്ങളുണ്ടെന്നാണ് ജോർജിന്റെ വാദം. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതുമുതൽ ഒളിവിലായിരുന്ന ജോർജ് തിങ്കളാഴ്‌ച ഈരാറ്റുപേട്ട കോടതിയിൽ നാടകീയമായി കീഴടങ്ങുകയായിരുന്നു.
ജനം ടിവിയുടെ ചാനൽ ചർച്ചയിൽ ഒരു സമുദായത്തെ അടച്ചാക്ഷേപിച്ച് കടുത്ത വിദ്വേഷ പരാമർശം നടത്തിയതിനാണ് ഈരാറ്റുപേട്ട പൊലീസ് പി സി ജോർജിനെതിരെ കേസെടുത്തത്.









0 comments