റവന്യു, വനം വകുപ്പുകളുടെ സംയുക്ത പരിശോധന ഈ മാസം തുടങ്ങും

59,830 കുടുംബങ്ങൾക്ക് മലയോര പട്ടയവിതരണത്തിന്‌ ചരിത്ര നടപടി

pattayam

file photo

avatar
സി എ പ്രേമചന്ദ്രൻ

Published on Apr 01, 2025, 12:31 AM | 2 min read


തൃശൂർ : പുതിയ വനഭൂമി പട്ടയത്തിന്‌ അപേക്ഷ സ്വീകരിക്കാനും വിതരണത്തിനും 32 വർഷത്തിനുശേഷം സർക്കാർ നടപടി. സംസ്ഥാനത്ത് 59,830 വനഭൂമി പട്ടയംകൂടി വിതരണം ചെയ്യാനുള്ള ചരിത്ര നടപടിക്ക്‌ തുടക്കംകുറിച്ച്‌ റവന്യു, വനം വകുപ്പുകളുടെ സംയുക്ത പരിശോധന ഈ മാസം ആരംഭിക്കും. 1993ലെ പുതിയ ചട്ട പ്രകാരം 1977 ജനുവരി ഒന്നിന് മുമ്പ്‌ വനഭൂമിയിൽ കുടിയേറിയവരുടെ പട്ടയത്തിനുള്ള പുതിയ അപേക്ഷകൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് കഴിയുമായിരുന്നില്ല. കേന്ദ്രത്തിൽ സംസ്ഥാന സർക്കാർ നടത്തിയ നിരന്തര ഇടപെടൽവഴി കേരളത്തിലെ മലയോര മേഖലയിൽ പട്ടയത്തിന് അപേക്ഷ സ്വീകരിക്കുന്നതിനും സംയുക്ത പരിശോധന നടത്തുന്നതിനും കേന്ദ്ര സർക്കാർ അനുമതിയായി. സ്വന്തം ഭൂമിയുടെ അവകാശമെന്ന പതിറ്റാണ്ടുകളായുള്ള മലയോര കർഷകരുടെ സ്വപ്‌നമാണ്‌ എൽഡിഎഫ്‌ സർക്കാർ യാഥാർഥ്യമാക്കുന്നത്‌.


1993ന്‌ മുമ്പ്‌ ലഭിച്ച അപേക്ഷകളിൽ സംയുക്ത പരിശോധനയ്‌ക്കുശേഷം കേന്ദ്രാനുമതി ലഭിച്ച ഭൂമികളിൽ വനഭൂമി പട്ടയം വിതരണം ചെയ്‌തിട്ടുണ്ട്‌. എന്നാൽ കുടിയേറ്റക്കാരുടെ ബന്ധുക്കളുടെയും ഭൂമി കൈമാറ്റം ചെയ്തവരുടെയും പുതിയ അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്‌. ഈ പ്രശ്‌നപരിഹാരത്തിന്‌ സംസ്ഥാന സർക്കാർ നിരന്തരം ശ്രമിച്ചിരുന്നു. മന്ത്രിമാരായ കെ രാജനും എ കെ ശശീന്ദ്രനും ഉദ്യോഗസ്ഥരും കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്ര യാദവ്, സഹമന്ത്രി അശ്വിനി കുമാർ ചൗബേ എന്നിവരുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചകളുടെ ഫലമായി പുതിയ അപേക്ഷ സ്വീകരിക്കാനും സംയുക്തപരിശോധന നടത്താനും കേരളത്തിന് പ്രത്യേക അനുവാദം ലഭിക്കുകയായിരുന്നു. തുടർന്ന്‌ സംസ്ഥാന സർക്കാർ ഭൂമിയുടെ സമഗ്ര വിവരശേഖരണം നടത്തുന്നതിന് രണ്ടുതവണയായി വില്ലേജ് ഓഫീസുകളിൽ സൗകര്യം ഒരുക്കി. അതുവഴി 59,830 അപേക്ഷകൾ ലഭിച്ചു.


സംയുക്ത പരിശോധനാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ലാൻഡ് റവന്യൂ ജോയിന്റ് കമീഷണർ എ ഗീത, പ്രിൻസിപ്പൽ സിസിഎഫ് രാജേഷ് രവീന്ദ്രൻ എന്നിവർ അംഗങ്ങളായ പ്രത്യേക സമിതിയേയും സർക്കാർ ചുമതലപ്പെടുത്തി.


അർഹമായ കൈകളിലെല്ലാം പട്ടയം: കെ രാജൻ

കേരളത്തിൽ അർഹരായ മുഴുവൻ പേർക്കും പട്ടയം നൽകാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചതായി മന്ത്രി കെ രാജൻ ദേശാഭിമാനിയോട്‌ പറഞ്ഞു. വനമേഖലകളിലുള്ള ഭൂമികളിൽ 32 വർഷമായി സംയുക്ത പരിശോധനയ്‌ക്ക്‌ അനുമതി നൽകിയിരുന്നില്ല. സർക്കാർ ഇടപെടൽ വഴി അതാണ്‌ ലഭ്യമായത്‌. ഭൂമി കൈവശമാക്കി വച്ചവരിൽ പലരും പട്ടയത്തിന്‌ അപേക്ഷ നൽകിയിരുന്നില്ല. തലമുറകളായി ഭൂമി കൈമാറി മറ്റുള്ളവരുടെ പേരിലുമായി. ഈ പ്രശ്‌നത്തിനാണ്‌ ഇപ്പോൾ പരിഹാരമാവുന്നതെന്നും മന്ത്രി പറഞ്ഞു.


pattayam



deshabhimani section

Related News

View More
0 comments
Sort by

Home