പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളി

hoto: facebook.com/ananthu.krishnan.566790
തിരുവനന്തപുരം: കണ്ണൂർ പൊലീസ് രജിസ്റ്റർ ചെയ്ത പാതിവില തട്ടിപ്പ് കേസിൽ പ്രതിയായ ആനന്ദകുമാറിന്റെ ജാമ്യപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി. ആനന്ദകുമാർ കേസിൽ മൂന്നാം പ്രതിയാണ്.
മുൻകൂര്‍ ജാമ്യം തള്ളിയതോടെ ക്രൈംബ്രാഞ്ച് സംഘം ആനന്ദകുമാറിനെ കസ്റ്റഡിയിലെടുത്തു. വീട്ടിലെത്തിയാണ് കസ്റ്റഡിയിൽ എടുത്തത്. ചികിത്സയിലാണ് എന്ന് അറിയിച്ചതിനാൽ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി.
പാതിവില തട്ടിപ്പുകേസിലെ മുഖ്യ സൂത്രധാരന്മാരിൽ ഒരാളാണ് സായ്‌ഗ്രാമം സ്ഥാപകനും സംഘപരിവാർ സഹയാത്രികനുമായ കെ എൻ ആനന്ദകുമാർ. തട്ടിപ്പിന്റെ ഉറവിടമായ ‘നാഷണൽ എൻജിയോസ് കോൺഫെഡറേഷൻ’ ട്രസ്‌റ്റിന്റെ ആജീവനാന്ത ചെയർമാനാണ് ആനന്ദകുമാര്‍.
തിരുവനന്തപുരം ശാസ്‌തമംഗലം സബ് രജിസ്‌ട്രാർ ഓഫീസിൽ 2024 ഫെബ്രുവരി 13നാണ് ഇന്ത്യൻ ട്രസ്‌റ്റ് ആക്ടുപ്രകാരം നാഷണൽ എൻജിയോസ് കോൺഫെഡറേഷൻ രജിസ്‌റ്റർ ചെയ്‌തത്. അനന്തുകൃഷ്‌ണനെയും ഇയാളുടെ ഉടമസ്ഥതയിലുള്ള കളമശേരിയിലെ പ്രൊഫഷണൽ സർവീസ് ഇന്നൊവേഷനെയും പദ്ധതി നടത്തിപ്പിന് ചുമതലപ്പെടുത്തിയതായി ട്രസ്‌റ്റ് രേഖയിലുണ്ട്. കോൺഫെഡറേഷന്റെ അക്കൗണ്ടിലുള്ള പണം വകമാറ്റി ചെലവഴിക്കാനും അനന്തു കൃഷ്‌ണന് അധികാരം നൽകി.
ആനന്ദകുമാർ, അനന്തു കൃഷ്‌ണൻ, ഇടുക്കി സ്വദേശിനി ഷീബ സുരേഷ്, എറണാകുളം സ്വദേശിനി ഡോ. ബീന സെബാസ്‌റ്റ്യൻ, തിരുവനന്തപുരം സ്വദേശി ജയകുമാരൻനായർ എന്നിവരാണ് ട്രസ്‌റ്റ് സ്ഥാപകാംഗങ്ങൾ.
കോഴിക്കോട് സ്വദേശി ബേബി കിഴക്കുംഭാഗം, കോതമംഗലം സ്വദേശി പ്രസാദ് വാസുദേവൻ എന്നിവരും പിന്നീട് ട്രസ്‌റ്റ് അംഗങ്ങളായെന്ന് കണ്ടെത്തി.
0 comments