ഹണി ട്രാപ്പല്ല; സ്വകാര്യ ചാറ്റുകൾ ജയേഷ് കണ്ടു; യുവാക്കളെ വിളിച്ചുവരുത്തിയത് പകയോടെ

പൊലീസ് പിടികൂടിയ ജയേഷും രശ്മിയും
പത്തനംതിട്ട: പത്തനംതിട്ട കോയിപ്രത്ത് യുവാക്കൾ ക്രൂരമർദനത്തിനിരയായത് അവിഹിതം സംശയിച്ചെന്ന് പൊലീസ്. ഭർത്താവ് ജയേഷ് പറഞ്ഞതനുസരിച്ചാണ് രശ്മി യുവാക്കളെ വീട്ടിലേക്ക് ക്ഷണിച്ചതും, പിന്നീട് മർദിച്ചതും. സംഭവം ഹണി ട്രാപ്പാണെന്നും ആഭിചാരക്രിയ ആണെന്നുമൊക്കെ പ്രചരിപ്പിച്ച് വഴിതിരിച്ചുവിടാനുള്ള ശ്രമം ഫലപ്രദമായാണ് പൊലീസ് പൊളിച്ചത്.
യുവാക്കളും ജയേഷും ബംഗളൂരിൽ ഒരേ സ്ഥാപനത്തിൽ ജോലി ചെയ്‌തിരുന്നവരാണ്. യുവാക്കളും രശ്മിയുമായുള്ള സ്വകാര്യ ചാറ്റുകൾ ജയേഷ് കണ്ടിരുന്നു. തുടർന്ന് രശ്മിയും ജയേഷുമായി വഴക്കുണ്ടായി. പിന്നീട് രശ്മിയും ജയേഷുമായുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പായി. പക്ഷേ യുവാക്കളോടുള്ള പക വെച്ചുപുലർത്തിയ ജയേഷ് രശ്മിയുടെ സഹായത്തോടെ യുവാക്കളെ വിളിച്ചുവരുത്തി കൊടുംപീഡനത്തിനിരയാക്കി.
റാന്നി, ആലപ്പുഴ സ്വദേശികളായ യുവാക്കളാണ് ആക്രമിക്കപ്പെട്ടത്. സെപ്തംബര്‍ ഒന്നാം തീയതി ആലപ്പുഴ സ്വദേശിയെ ജയേഷും രശ്മിയും വീട്ടില്‍ വിളിച്ചുവരുത്തി മര്‍ദിച്ചു. പൈപ്പുറേഞ്ച് കൊണ്ട് അടിച്ചും ജനനേന്ദ്രിയത്തിലും ശരീരഭാഗങ്ങളിലും സ്‌റ്റാപ്ലർപിൻ അടിച്ചും നഖങ്ങൾക്കിടയിൽ മൊട്ടുസൂചി കയറ്റിയുമായിരുന്നു ക്രൂരത. സെപ്തംബര്‍ അഞ്ചിന് റാന്നി സ്വദേശിയെയും സമാനമായി ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ റാന്നി സ്വദേശി പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
പെൺസുഹൃത്തിന്റെ അച്ഛനും പ്രതിശ്രുതവരനും ചേർന്ന് തന്നെ ദേഹോപദ്രവം ഏൽപിച്ചുവെന്നാണ് യുവാവ് മൊഴിനൽകിയത്. എന്നാൽ മൊഴിയിൽ വൈരുദ്ധ്യം കണ്ടെത്തിതോടെ കൂടുതൽ ചോദ്യംചെയ്‌തപ്പോഴാണ് യഥാർഥ വിവരം പുറത്തറിഞ്ഞത്. തുടർന്ന് തുടർന്നാണ് കോയിപ്രം കുറവൻകുഴി മലയിൽ വീട്ടിൽ ജയേഷ് (30), ഭാര്യ രശ്‌മി (25) എന്നിവരെയാണ് ആറന്മുള പൊലീസ് പിടികൂടിയത്. പ്രതികളിൽ നിന്ന് വധഭീഷണി ഉണ്ടായതിനാലാണ് മൊഴി മാറ്റിപ്പറഞ്ഞെന്ന് യുവാവ് പിന്നീട് പറഞ്ഞു. ഞായറാഴ്ച വൈകിട്ടോടെ ജയേഷിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.









0 comments