വിഭജന ഭീകര ദിനവും മനോരമയുടെ കാവി ഭക്തിയും


ശീതൾ എം എ
Published on Aug 12, 2025, 06:33 PM | 2 min read
തിരുവനന്തപുരം : 'മതനിരപേക്ഷ മനസ്സിനെ വിഭജിക്കാനാകില്ല' എന്ന മലയാള മനോരമയുടെ എഡിറ്റോറിയൽ തലക്കെട്ട് വായിക്കുമ്പോൾ അന്തസ് തോന്നും. പക്ഷേ ഉള്ളടക്കം വായിക്കുംതോറും മനസിലാകും മനോരമയുടെ കാപട്യം. വിഭജന ഭീകര ദിനമായി ആഗസ്ത് 14 ആചരിക്കണമെന്നത് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടയാണെന്ന് ഉറപ്പിച്ച് എഴുതാൻ മനോരയ്ക്ക് ഭയമാണ്. ആർഎസ്എസിനോട് മനോരമയ്ക്കുള്ളത് ഭയമാണോ ആരാധനയാണോ എന്നതും അവ്യക്തമാണ്.
വിഭാഗീയത, ഭിന്നിപ്പിക്കൽ എന്നിവ ആർഎസ്എസ് വളരെ ഫലപ്രദമായി വടക്കേന്ത്യയിൽ പയറ്റി തെളിഞ്ഞതാണ്. അമിതമായ ഈ ആത്മവിശ്വാസം വച്ച് ആർഎസ്എസ് പല അടവുകളും കേരളത്തിൽ പയറ്റി നോക്കിയെങ്കിലും പ്രബുദ്ധ കേരളം ഇതെല്ലാം അവഗണിച്ച ചരിത്രമാണ് ഉള്ളത്. ഇപ്പോൾ ഗവർണർ പദവി ഉപയോഗിച്ചാണ് ആർഎസ്എസിന്റെ നയങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നത്.
ഗവർണർ ആർഎസ്എസിന്റെ ചട്ടുകമായി പ്രവർത്തിക്കുന്ന സന്ദർഭങ്ങൾക്ക് കേരളം സാക്ഷിയായതുമാണ്. സ്വാതന്ത്ര ദിനത്തിന്റെ തലേദിവസം അതായത് ആഗസ്ത് 14 ഇനിമുതൽ വിഭജന ഭീകര ദിനമായി ആചരിക്കണമെന്ന മോദിജിയുടെ ആഹ്വാനം ഹൃദയാവഹിച്ച് നടപ്പാക്കാനൊരുങ്ങുകയാണ് ഗവർണർ. അതിനുവേണ്ടി കേരളത്തിലും ഈ ദിനം ആചരിക്കാൻ സർവകലാശാലകൾക്ക് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കത്തയച്ചിട്ടുമുണ്ട്. അയച്ച ഉത്തരവിൽ സംഘടിപ്പിക്കുന്ന പരിപാടികളുടെ വിശദാംശങ്ങൾ അറിയിക്കാനും ആവശ്യപ്പെടുന്നു. സെമിനാറുകൾ ഒരുക്കി ഭീകരത ചർച്ച ചെയ്യാനും നിർദ്ദേശിക്കുന്നുണ്ട് ഗവർണർ.
ഇതുവരെ ഗവർണറുടെ ഭരണഘടന വിരുദ്ധപ്രവർത്തനങ്ങൾക്ക് കൂട്ടുനിന്ന കോൺഗ്രസ് പ്രസ്തുത വിഷയത്തിൽ പതിയെ എതിർപ്പ് പ്രകടിപ്പിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ആർഎസ്എസ് അജണ്ട സർവകലാശലകളിൽ വേണ്ട എന്ന് പ്രസ്താവനയിറക്കിയാണ് പ്രതികരിച്ചത്. ഗവർണറുടെ നടപടി കേരളത്തിൽ ചർച്ചാവിഷയമാകുമ്പോൾ 'മതനിരപേക്ഷ മനസ്സിനെ വിഭജിക്കാനാകില്ല' എന്ന തലക്കെട്ടിൽ എഡിറ്റോറിയലെഴുതാൻ കാണിച്ച തന്റേടം പക്ഷെ ഹിന്ദുത്വ ഭീകരതയെ കുറിച്ചൊരക്ഷരം ഉരുവിടാതെയെന്നത് പ്രത്യേകം ശ്രദ്ധിക്കണം.
ഇന്ത്യ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 2021ൽ ആഗസ്ത് 14 ഭീകര വിരുദ്ധ ദിനമായി ആചരിക്കണമെന്ന് പ്രഖ്യാപിക്കുന്നത്. ഇക്കാര്യം ഇംഗ്ലീഷ് ദിനപത്രമായ ദി ഹിന്ദുപോലും നരേന്ദ്ര മോദിയുടെ പേര് പറഞ്ഞ് പരാമർശിക്കുമ്പോൾ മനോരമ എഴുതിയിരിക്കുന്നത് 'ചിലർ' കുറച്ച് വർഷങ്ങളായി ആചരിക്കാൻ ശ്രമിക്കുന്നുണ്ട് എന്നാണ്. മനോരമയ്ക്ക് ആർഎസ്എസിനെതിരെ വാർത്തയെഴുതാൻ ഭയമാണെന്ന് വെളിപ്പെടുത്തുന്നതാണിത്.
നമ്മൾ ഗാന്ധിയെ കൊന്നു എന്ന് എഴുതിയ പരിഹാസ്യമായ ചരിത്രം കൂടിയുണ്ട് മനോരയ്ക്ക്. ഹിന്ദുത്വ ഭീകരർ, ഹിന്ദുത്വ വാദികൾ എന്നീ വാക്കുകൾക്ക് മനോരമ പാലിക്കുന്ന മൗനത്തിന് മുന്നിൽ ജനാധിപത്യം തലകുനിച്ചുപോകും. ഛത്തീസ്ഖണ്ഡിൽ മലയാളി കന്യാസ്ത്രീകളെ ബജ്രംഗ്ദൾ മതപരിവർത്തനമാരോപിച്ച് അക്രമിച്ച വാർത്തകളും മനോരമ കൈകാര്യം ചെയ്ത രീതിയും മലയാളി കണ്ടതാണ്. മലയാള മനോരമയുടെ ഇരട്ടതാപ്പും മൃദുഹിന്ദുത്വവും കൂടി ഈ ഘട്ടത്തിൽ നാം കണ്ണ് തുറന്ന് തന്നെ കാണണം.









0 comments