'വിഭജനഭീതി ദിനാചരണം' എസ്എഫ്ഐ തടയും; ശക്തമായ പ്രതിഷേധമെന്ന് പി എസ് സഞ്ജീവ്

തിരുവനന്തപുരം: ആർഎസ്എസ് തന്ത്രങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ‘വിഭജന ഭീകര ദിനം’ കേരളത്തിലെ ക്യാമ്പസുകളിൽ നടത്താൻ എസ്എഫ്ഐ അനുവദിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. ഗവർണറുടെ നിർദേശം പ്രകാരം ഏത് ക്യാമ്പസിൽ പരിപാടിനടത്തിയാലും എസ്എഫ്‌ഐ തടയുമെന്നും ഗവർണർ ഇറങ്ങി വന്ന് നടത്താമെന്നാണ് കരുതേണ്ടെന്നും സഞ്ജീവ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഈ രീതിയിൽ രാജ്യത്തിന്റെ ഭരണഘടനയെ വെല്ലുവിളിക്കാനും ചരിത്രത്തെ അപഹസിക്കാനും അനുവദിക്കില്ല. ആഗസ്ത് 13ന് കേരളത്തിലെ മുഴുവൻ ക്യാമ്പസുകളിലും ഗവർണറുടെയും പരിപാടി നടത്താൻ കോളേജുകൾക്ക് നിർദ്ദേശം നൽകിയ കേരള, കണ്ണൂർ സർവകലാശായിലെ വൈസ് ചാൻസിലർമാരുടെയും കോലം കത്തിക്കും.
ആഗസ്റ്റ് 15നു പുറമെ മറ്റൊരു ദിനാചരണം വേണമെന്ന ആശയം സംഘപരിവാർ ബുദ്ധികേന്ദ്രങ്ങളുടേതാണ്. സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കാളിത്തവുമില്ലാതെ, ബ്രിട്ടീഷ് രാജിന് പാദസേവ ചെയ്തവർക്കാണ് സ്വാതന്ത്ര്യ ദിനത്തെ താഴ്‌ത്തിക്കെട്ടേണ്ടത്. സംഘപരിവാറിന്റെ ചരിത്രത്തിന്റെ അപനിർമാണം ചോദ്യം ചെയ്യുക തന്നെ ചെയ്യും. ശക്തമായ പ്രതിഷേധം ഉയർത്താനാണ് എസ്എഫ്ഐ തീരുമാനമെന്നും സഞ്ജീവ് പറഞ്ഞു.









0 comments