ഏകപക്ഷീയ മണ്ഡലപുനർനിർണയം ; ചെന്നൈ സമ്മേളനത്തിൽ മുഖ്യമന്ത്രിയും

ചെന്നൈയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കനിമൊഴി എംപി സ്വീകരിക്കുന്നു. ഐടി മന്ത്രി പളനിവേൽ ത്യാഗരാജൻ, ഡോ. തമിഴച്ചി തങ്കപാണ്ഡ്യൻ എംപി എന്നിവർ സമീപം
തിരുവനന്തപുരം : ലോക്‌സഭാ മണ്ഡലങ്ങളുടെ പുനർനിർണയം ഏകപക്ഷീയമായി നടപ്പാക്കാനുള്ള കേന്ദ്ര ശ്രമത്തിനെതിരെ തമിഴ്‌നാട് നടത്തുന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നൈയിലെത്തി. ശനിയാഴ്‌ചയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ വിളിച്ച സമ്മേളനം. കത്തയച്ചതിനു പുറമേ ഒരു മന്ത്രിയെയും എംപിയേയും കേരളത്തിലേക്ക് അയച്ച് മുഖ്യമന്ത്രിയെയും എൽഡിഎഫ് നേതാക്കളെയും ക്ഷണിച്ചിരുന്നു.
ജനാധിപത്യത്തിന്റെയും ഫെഡറലിസത്തിന്റെയും മൂല്യം കാറ്റിൽപറത്തി തിരക്കിട്ട് നടത്തുന്ന മണ്ഡലപുനർനിർണയ നീക്കത്തിനെതിരെയാണ് യോഗം. ബിജെപി ഇതര മുഖ്യമന്ത്രിമാരുൾപ്പെടെയുള്ളവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തേയും ക്ഷണിച്ചിരുന്നു. സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം ചേരുന്നതിനാൽ എം വി ഗോവിന്ദൻ പങ്കെടുക്കുന്നില്ല. അദ്ദേഹം സമ്മേളനത്തിന് ആശംസയറിയിച്ചു. ബിനോയ് വിശ്വം ചെന്നൈയിൽ എത്തി.









0 comments