പരിമണ ഫെലോഷിപ്: ഷഹാനക്കിത് അപൂർവ ബഹുമതി

ഷഹാന ഷെറിൻ

റഷീദ് ആനപ്പുറം
Published on Nov 07, 2025, 10:49 AM | 2 min read
തിരുവനന്തപുരം: പഠിച്ചത് പൊതുവിദ്യാലയത്തിൽ. എസ്‌എസ്‌എൽസി മുതൽ പഠനമികവിന് അംഗീകാരങ്ങൾ ഏറെ. ബിരുദപഠന കാലത്ത് അക്കാദമിക് മേഖലയിൽ ആരും മോഹിക്കുന്ന ഇൻസ്‌പെയർ സ്‌കോളർഷിപ്പ്. ഇപ്പോഴിതാ കേന്ദ്ര സർക്കാരിന്റെ ക്വാണ്ടം മിഷൻ പദ്ധതിയുടെ ഭാഗമായ രാജ്യത്തെ ഏറ്റവും വലിയ ഫെലോഷിപ്പായ ‘പരിമണ’യും. കലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ഭൗതിക ശാസ്‌ത്രത്തിൽ ഗവേഷണം നടത്തുന്ന ഷഹാന ഷെറിനാണ് ഇൗ അക്കാദമിക നേട്ടത്തിന് ഉടമ. രാജ്യത്തെ സംസ്ഥാന സർവകലാശാലകളിൽനിന്ന് ഇൗ സ്‌കോളർഷിപ്പ് ലഭിച്ച ഗവേഷക ഷഹാനക്ക് മാത്രം.
മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് കടലുണ്ടിനഗരം സ്വദേശിയാണ് ഷഹാന ഷെറിൻ. ‘ക്വാണ്ടം ഡോട്ട് ബേസ്‌ഡ് സെൻസേർസ്’ എന്ന വിഷയത്തിലാണ് ഷഹാന ഷെറിന്റെ ഗവേഷണം. ഡോ ലിബു കെ അലക്‌സാണ്ടറാണ് ഗൈഡ്. ജലത്തിലെ മലിനീകരണ വസ്‌തുക്കളെ തിരിച്ചറിയാൻ സാധിക്കുന്ന സെൻസറുകൾ വികസിപ്പിക്കുകയാണ് ഗവേഷണത്തിലൂടെ ലക്ഷ്യം വെക്കുന്നത്. എംജി സർവകലാശാലയിൽ എംഎസ്‌സി വിദ്യാർഥിയായിരിക്കെ മദ്രാസ് ഐഐടിയിൽ പ്രൊജക്ട് ചെയ്‌തിരുന്നു. കലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽതന്നെ സമ്മർ ഇന്റേൺഷിപ്പും ചെയ്‌തു. ഇതിൽനിന്ന് ലഭിച്ച ആത്മവിശ്വാസമാണ് ‘ക്വാണ്ടം ഡോട്ട് ബേസ്‌ഡ് സെൻസേർസ്’ എന്ന വിഷയത്തിൽ പിഎച്ച്‌ഡിക്ക് ചേരാൻ ഷഹാനയെ പ്രേരിപ്പിച്ചത്. 
ക്വാണ്ടം സാങ്കേതിക വിദ്യയിൽ ഗവേഷകരെ പ്രോത്സാഹിപ്പിക്കാനാണ് നാഷണൽ ക്വാണ്ടം മിഷൻ ‘പരിമണ’ ഫെലോഷിപ് നൽകുന്നത്. ആദ്യ രണ്ട് വർഷം മാസം 70,000 രൂപയും മൂന്നാം വർഷം 75,000 രൂപയും അവസാന വർഷം 80,000 രൂപയുമാണ് ഫെലോഷിപ് തുക. ഇതിന് പുറമെ, ഗവേഷണാവശ്യത്തിന് ഗ്രാന്റും ലഭിക്കും. നല്ല മുന്നൊരുക്കവും വിഷയത്തിൽ ആഴത്തിലെ അറിവുമുണ്ടെങ്കിൽ ഇത്തരം ഫെലോഷിപ്പുകൾ ലഭിക്കുമെന്ന് സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഷഹാന പറഞ്ഞു. ഏത് ഫെലോഷിപ്പായാലും അവക്കൊരു ലക്ഷ്യമുണ്ടാകും. അവ മനസ്സിലാക്കിവേണം സമീപിക്കേണ്ടത്. അവർ മുന്നോട്ടുവെക്കുന്ന ലക്ഷ്യം എങ്ങനെ കൈവരിക്കും, അതിന്റെ സാമൂഹ്യ പ്രസക്തി എന്താണ് തുടങ്ങിയവക്ക് ഉൗന്നൽ നൽകിവേണം ഫെലോഷിപ്പുകൾക്കുള്ള പ്രൊജക്ട് തയ്യാറാക്കാൻ. നമ്മുടെ ഗവേഷണത്തെ അവരുടെ ലക്ഷ്യവുമായി കൂട്ടിയിണക്കണമെന്നും ഷഹാന പറഞ്ഞു.
കടലുണ്ടി നഗരം എഎംയുപി സ്‌കൂളിലായിരുന്നു എൽപി, യുപി പഠനം. പിതാവ് വി ജലീലും മാതാവ് ടി റൈഹാനത്തും അതേ സ്‌കൂളിൽ അധ്യാപകർ. ജലീൽ ഇന്ന് അവിടെ പ്രധാനധ്യാപകനാണ്. വള്ളിക്കുന്ന് സിബിഎച്ച്‌എസ്‌സിലായിരുന്നു ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി പഠനം. തുടർന്ന് ഫാറുഖ് കോളേജിൽ ബിരുദ പഠനം. അക്കാലത്താണ് ഇൻസ്‌പെയർ സ്‌കോളർഷിപ്പ് ലഭിച്ചത്. ഷഹാനയുടെ ഭർത്താവ് മുഹമ്മദ് സജീർ ഐഐഎസ്‌ടിയിൽ അവസാന വർഷ ഗവേഷക വിദ്യാർഥിയാണ്. സഹോദരി ജഹാന ഷെറിൻ ഡോക്ടറും സഹോദരൻ അൻഫാസ് റോഷൻ പ്ലസ്‌ടു വിദ്യാർഥിയുമാണ്.









0 comments