ഇതാ, പന്ന്യാലി മോഡൽ പൊതുവിദ്യാലയം ; പരീക്ഷ കഴിഞ്ഞ്‌ 24 മണിക്കൂറിൽ ഫലപ്രഖ്യാപനം

panniyali u p school

ഓമല്ലൂർ പന്ന്യാലി ഗവ. യുപി സ്‌കൂളിലെ വിദ്യാർഥികളുടെ വാർഷിക പരീക്ഷയുടെ ഉത്തരക്കടലാസുകൾ 
കുട്ടികൾക്ക്‌ കൈമാറിയപ്പോൾ

avatar
സി ജെ ഹരികുമാർ

Published on Mar 29, 2025, 12:19 AM | 1 min read


പത്തനംതിട്ട : പരീക്ഷ കഴിഞ്ഞ്‌ കുട്ടികൾ വീടെത്തി ഒന്നുറങ്ങി എഴുന്നേൽക്കാനുള്ള സമയം മതിയായിരുന്നു പത്തനംതിട്ട ഓമല്ലൂർ പന്ന്യാലി ഗവ. യുപി സ്‌കൂളിലെ അധ്യാപകർക്ക്‌ വാർഷിക പരീക്ഷാഫലം പ്രസിദ്ധീകരിക്കാൻ. സ്‌കൂളിലെ 120 കുട്ടികളും ഉയർന്ന ക്ലാസുകളിലേക്കുള്ള മികച്ച വിജയം അറിഞ്ഞ്‌ ആഹ്ലാദപൂർവം അവധിയാഘോഷിക്കാൻ ഒരുങ്ങി. സ്‌കൂളുകളിൽ വാർഷികപരീക്ഷയുടെ ഫലം രക്ഷിതാക്കളെ അറിയിക്കുമെന്ന്‌ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി സമഗ്ര ഗുണമേന്മപദ്ധതിയുടെ ഉദ്‌ഘാടനവേളയിൽ പറഞ്ഞിരുന്നു. മന്ത്രിയുടെ ആഹ്വാനംകൂടി കണക്കിലെടുത്താണ്‌ പരീക്ഷ കഴിഞ്ഞ്‌ മണിക്കൂറുകൾക്കുള്ളിലായിരുന്നു ഫലപ്രഖ്യാപനം.


2018 മുതൽ പന്ന്യാലി ഗവ. യുപി സ്‌കൂൾ വാർഷിക പരീക്ഷാഫലം പ്രഖ്യാപിക്കുന്നുണ്ട്‌. അധ്യാപകരുടെ കൂട്ടായ പ്രവർത്തനമാണ്‌ സ്‌കൂളിന്റെ നേട്ടത്തിന്‌ കാരണമെന്ന്‌ പ്രഥമാധ്യാപിക എസ്‌ സ്‌മിതാ കുമാരി പറഞ്ഞു. സ്‌കൂളിന്‌ 108 വർഷത്തെ പാരമ്പര്യമുണ്ട്‌. ഏഴാം ക്ലാസിൽനിന്ന്‌ വിജയിച്ച 12 പേരും യുഎസ്‌എസ്‌ പരീക്ഷയെഴുതി വിജയം കാത്തിരിക്കുന്നു. സോഷ്യൽ സർവീസ്‌ സ്‌കീം, ഇക്കോ ക്ലബ്‌ തുടങ്ങി പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങളിലും സ്‌കൂൾ മുന്നിലുണ്ട്‌. ഒന്ന്‌ മുതൽ ഏഴുവരെയുള്ള മുഴുവൻ കുട്ടികളുടെ ഉത്തരക്കടലാസുകളും വെള്ളിയാഴ്‌ച രക്ഷിതാക്കളെ വിളിച്ചുവരുത്തി അധ്യാപകർ കൈമാറി. രക്ഷിതാക്കൾക്ക്‌ കുട്ടികളുടെ പഠനനിലവാരം മനസിലാക്കാനും ശരിതെറ്റുകൾ പരിഹരിച്ച്‌ പോകാനും ഇതിലൂടെ സാധിക്കും. കുട്ടികൾക്ക്‌ ആശംസയുമായി പത്തനംതിട്ട എഇഒ ടി എസ്‌ സന്തോഷ്‌കുമാറും എസ്‌ഇആർടി റിസേർച്ച്‌ ഓഫീസർ രാജേഷ്‌ എസ് വള്ളിക്കോടും സ്‌കൂളിൽ എത്തി. സോഷ്യൽ സർവീസ്‌ സ്‌കീം പ്രവർത്തിക്കുന്ന, പത്തനംതിട്ട ജില്ലയിലെ ഏകവിദ്യാലയമാണ്‌ പന്ന്യാലി. സ്‌കൂളിൽ അമ്മമാർക്ക്‌ ബ്യൂട്ടീഷ്യൻ കോഴ്‌സിൽ പരിശീലനവും നൽകുന്നു .




deshabhimani section

Related News

View More
0 comments
Sort by

Home