പാലിയേക്കര ടോൾ : പിഴിഞ്ഞെടുത്തത് 1600 കോടി

സി എ പ്രേമചന്ദ്രൻ
Published on Aug 07, 2025, 02:15 AM | 1 min read
തൃശൂർ
സുഗമമായ യാത്രാസൗകര്യവും കരാർപ്രകാരമുള്ള റോഡ്‌സുരക്ഷയും ഒരുക്കാതെ പതിമൂന്നര വർഷത്തിനകം പാലിയേക്കര ടോൾ കരാർ കമ്പനി പിരിച്ചെടുത്തത് 1600 കോടി രൂപ. 2011ലാണ് പിരിവ് തുടങ്ങിയത്. മണ്ണുത്തി–ഇടപ്പള്ളി പാത 721 കോടി രൂപ ചെലവിലാണ് ആദ്യഘട്ടം പൂർത്തീകരിച്ചത്. ഇതിന്റെ ഇരട്ടി സംഖ്യ ഇതിനകം പിരിച്ചെടുത്തു. എന്നാൽ ഗതാഗതം ഇപ്പോഴും താറുമാറാണ്. സമാന്തര പാതയൊരുക്കാതെ അഞ്ചിടത്ത് ഒന്നിച്ച് അടിപ്പാതകൾ നിർമിച്ചതോടെ ദുരിതയാത്രയായി.
2011 ഫെബ്രുവരി മുതൽ 2024 ഡിസംബർ 31 വരെ 1506.28 കോടിയാണ് ടോൾ പിരിച്ചതെന്ന് ദേശീയപാത അതോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. മാസം 11 ലക്ഷം മുതൽ 14 ലക്ഷം വരെ വാഹനങ്ങൾ കടന്നുപോകുന്നു. 2024ൽ മാസം ശരാശരി 15 കോടിയാണ് വരുമാനം. ശബരിമല സീസണായ ഡിസംബറിൽ 17.14 കോടി പിരിച്ചു. ഇതിനകം മൊത്തം 1600 കോടിയോളം ടോൾ പിരിച്ചു. 2028വരെയാണ് ടോൾ പിരിവ് കാലാവധി.
ദേശീയ പാത അതോറിറ്റിയുടെ സുരക്ഷാ ഓഡിറ്റ് റിപ്പോർട്ടിൽ അപകടസാധ്യതയുള്ള 11 ബ്ലാക്ക് സ്‌പോട്ടുകൾ സൂചിപ്പിച്ചിട്ടുണ്ട്. 50 കവലകളിൽ മേൽപ്പാലങ്ങൾ, അടിപ്പാതകൾ, യു ടേൺ ട്രാക്കുകൾ, സൈൻബോർഡുകൾ തുടങ്ങിയവയാണ് പരിഹാര നടപടികളായി നിർദേശിച്ചിട്ടുള്ളത്. നിലവിൽ ആമ്പല്ലൂർ, പേരാമ്പ്ര, മുരിങ്ങൂർ, കൊരട്ടി, ചിറങ്ങര എന്നീ അഞ്ച് സ്ഥലത്താണ് അടിപ്പാത നിർമാണം ആരംഭിച്ചത്. ഇതും മന്ദഗതിയിലായി. നടത്തറ, മരത്താക്കര, പോട്ട ആശ്രമം ജങ്ഷൻ, പുതുക്കാട്, പോട്ട എന്നിങ്ങനെ മുപ്പതോളം തീവ്ര അപകടസാധ്യതാ കവലകളും അപകടസാധ്യതയുള്ള 20 ജങ്ഷനുകളും നിലവിലുണ്ട്.
തൃശൂർ കലക്ടർ അർജുൻ പാണ്ഡ്യൻ ദേശീയപാതയുടെ ദുരവസ്ഥ സംബന്ധിച്ച് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. കരാർ ലംഘനത്തിന്റെ പേരിൽ കമ്പനിയെ പുറത്താക്കാൻ ദേശീയപാതാ അതോറിറ്റി നോട്ടീസ് നൽകിയിട്ടുണ്ട്. 2243.53 കോടിരൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഇതിനെതിരെ കമ്പനി കോടതിയെ സമീപിച്ചിരിക്കയാണ്. നിർമാണക്കമ്പനിയായ കെഎംസിയുടെ ഉപവിഭാഗമായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനിക്കാണ് ദേശീയപാതയിലെ ടോൾപിരിവിന്റെ ചുമതല.









0 comments