കോടതിയെയും ജനങ്ങളെയും വെല്ലുവിളിച്ച് നിർമാണ കമ്പനിയും ദേശീയപാത അതോറിറ്റിയും
print edition പാലിയേക്കരയിൽ ടോൾ പിരിവ് തുടങ്ങി, പണി നിർത്തി

തൃശൂർ
പാലിയേക്കരയിൽ ടോൾ പിരിവ് പുനരാരംഭിച്ചതിനു പിന്നാലെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവച്ച് ദേശീയപാത അതോറിറ്റി. നിർമാണ പ്രവർത്തനങ്ങൾ കൃത്യമായി നടത്തുമെന്ന കേന്ദ്രസർക്കാരിന്റെ ഉറപ്പിലാണ് ടോള്‍പിരിവിന് ഹൈക്കോടതി അനുമതി നൽകിയത്. ടോള്‍ പിരിക്കാന്‍ അനുവദിക്കണമെന്നും എങ്കില്‍ മാത്രമേ ദേശീയപാതയിലെ മറ്റ് സ്ഥലങ്ങളിലെ അറ്റകുറ്റപ്പണികള്‍ മുന്നോട്ടുകൊണ്ട് പോകാന്‍ കഴിയൂവെന്നുമാണ് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസ്റ്റര്‍ ജനറല്‍ ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ ടോൾ പിരിവ് പുനരാരംഭിച്ചതോടെ നിർമാണം നിർത്തിവച്ച് ജനങ്ങളെ ദ്രോഹിക്കുകയാണ് നിർമാണ കന്പനി. കൂടുതൽ ജീവനക്കാരെ എത്തിച്ച് പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കാമെന്നാണ് ദേശീയപാത അധികൃതർ പറഞ്ഞിരുന്നത്.
ചിറങ്ങരയിലും മുരിങ്ങൂരിലും നിർമാണം പൂർണമായും നിലച്ചു. മറ്റിടങ്ങളിൽ തൊഴിലാളികളുടെ എണ്ണം വളരെ കുറവാണ്. മഴയെ പഴിച്ചാണ് നിര്‍മാണം നിര്‍ത്തിയത്. എന്നാല്‍ ടോള്‍പിരിവിനുള്ള തടസ്സം നീങ്ങുന്നതുവരെ മഴയിലും നിര്‍മാണം നടന്നിരുന്നു. മഴയിലും യന്ത്രം ഉപയോഗിച്ച് ചെയ്യാവുന്ന ജോലികള്‍ക്കുപോലും കമ്പനി തയാറായിട്ടില്ല. ഡിസംബറിൽ നിർമാണം പൂർത്തിയാക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ പ്രവൃത്തികൾ 50ശതമാനം പോലുമായിട്ടില്ല.
അനുബന്ധറോഡിന്റെ നിര്‍മാണം ചിറങ്ങരയിൽ പാതിവഴിയിലാണ്. ഇതിൽ നിറയ്ക്കാനുള്ള മണ്ണ് പോലും എത്തിയിട്ടില്ല. മണ്ണ് നിറയ്ക്കുന്നതിനായി വശങ്ങളിൽ ഉറപ്പിക്കേണ്ട കോണ്‍ക്രീറ്റ് പാളികൾ സ്ഥാപിക്കുന്നതും പൂര്‍ത്തിയായിട്ടില്ല. പണി നടക്കുന്നില്ലെങ്കിലും ഗതാഗത നിയന്ത്രണം മൂലം വലിയ കുരുക്കുണ്ട്.
സർവീസ് റോഡ് വീണ്ടും തകർന്നു
നിർമാണം നടക്കുന്ന ഇടങ്ങളിൽ വാഹനങ്ങൾ കടത്തി വിടുന്ന സർവീസ് റോഡുകൾ വീണ്ടും തകർന്നു. പൊങ്ങം മുതൽ ചിറങ്കര വരെയുള്ള ഭാഗത്തെ സ്ലാബുകളാണ് തകർന്നത്. കാനകള്‍ക്ക് മുകളിലെ സ്ലാബുകള്‍ തകർന്ന് വാഹനങ്ങള്‍ കുഴിയില്‍പ്പെടുന്നതു മൂലം ഗതാഗതക്കുരുക്ക് രൂക്ഷമായി. ഗുണനിലവാരമില്ലാത്ത സ്ലാബുകൾ സ്ഥാപിച്ചതാണ് സ്ഥിതി മോശമാക്കിയത്.









0 comments