അടിപ്പാതകളുടെ നിർമാണം ഇഴഞ്ഞുതന്നെ
പാലിയേക്കരയിലെ ടോൾ വിലക്ക് തുടരും ; ഹർജിയിൽ ഇന്നും വാദം

കൊച്ചി
ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ നിർമാണംമൂലം ഗതാഗതക്കുരുക്ക് തുടരുന്നതിനാൽ പാലിയേക്കരയിലെ ടോൾ പിരിവിനുള്ള വിലക്ക് തുടരും. സർവീസ് റോഡുകളുടെയടക്കം അറ്റകുറ്റപ്പണി സംബന്ധിച്ച് കലക്ടറുടെ സമിതി നൽകിയ വിശദീകരണങ്ങളും ഹർജിക്കാരുടെ മറുപടിയും പരിശോധിച്ചശേഷം ടോൾ പിരിവിനുള്ള വിലക്കിൽ തീരുമാനമെടുക്കുമെന്നും ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ശോച്യാവസ്ഥയിലായ റോഡിൽ ടോൾ പിരിക്കുന്നതിനെതിരെയുള്ള ഹർജികളാണ് പരിഗണിച്ചത്. ഹർജിയിൽ വെള്ളിയാഴ്ചയും വാദം തുടരും.
അതേസമയം, ദേശീയപാതാ അതോറിറ്റി നടത്തുന്ന മിക്കവാറും അറ്റകുറ്റപ്പണികളിൽ സംതൃപ്തി രേഖപ്പെടുത്തി തൃശൂർ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ചെയർമാനായ ഇന്ററിം ട്രാഫിക് മാനേജ്മെന്റ് കമ്മിറ്റി പുതുക്കിയ റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ, നാല് അടിപ്പാതകളുടെ നിർമാണം ഇഴയുകയാണെന്നും റിപ്പോർട്ടിലുണ്ട്. കഴിഞ്ഞദിവസം സമർപ്പിച്ച റിപ്പോർട്ടിൽ കോടതി വ്യക്തത തേടിയിരുന്നു. ഹർജിക്കാർക്ക് കമ്മിറ്റി മുമ്പാകെ പരാതികൾ ഉന്നയിക്കാമെന്നും അറിയിച്ചിരുന്നു.
പ്രധാന പാതയിൽ അടിപ്പാതകളുടെ നിർമാണം മന്ദഗതിയിലാണെന്നും വേഗം പൂർത്തീകരിക്കുന്നതാണ് ശാശ്വതപരിഹാരമെന്നും റിപ്പോർട്ടിൽ പറയുന്നു. അതുവരെ അടിക്കടിയുള്ള അറ്റകുറ്റപ്പണി വേണമെന്നും ആവശ്യപ്പെട്ടു.
പേരാമ്പ്രയിൽ എറണാകുളം ഭാഗത്തേക്കുള്ള സർവീസ് റോഡിലെ കുഴികളും കയറ്റിറക്കങ്ങളും മുരിങ്ങൂർ ജങ്‌ഷനിലെ ടാറിങ് പ്രശ്നങ്ങളും പരിഹരിച്ചതായി റിപ്പോർട്ടിലുണ്ട്. ചെറങ്ങരയിൽ മാർഗതടസ്സമുണ്ടാക്കിയിരുന്ന പഴയ ടെലിഫോൺ ബോക്സ് നീക്കി. എന്നാൽ, വൈദ്യുതിത്തൂണും കലുങ്ക് ഭിത്തിയും നീക്കിയിട്ടില്ല.
ആമ്പല്ലൂരിലടക്കം സർവീസ് റോഡുകളിലെ കുഴിയും വാഹനങ്ങൾ വഴിതിരിച്ചുവിടുന്ന പഞ്ചായത്ത് റോഡുകളുടെ ശോച്യാവസ്ഥയുമാണ് ഹർജിക്കാർ ചൂണ്ടിക്കാണിച്ചത്. അടിപ്പാതകളുടെ പണിനടക്കുന്നിടത്ത് വെള്ളക്കെട്ടുണ്ടെന്നും നിലവാരമില്ലാത്ത ടാറിങ് ആണെന്നും ചൂണ്ടിക്കാട്ടി. എന്നാൽ, ടാറിങ് ഉന്നതനിലവാരത്തിലാണെന്നും പഞ്ചായത്ത് റോഡുകളുടെ ചുമതല സംസ്ഥാനത്തിനാണെന്നുമാണ് ദേശീയപാതാ അതോറിറ്റിയുടെ വിശദീകരണം. പ്രധാന പാതകൾ ഉടനെ തുറക്കുമെന്നിരിക്കേ സർവീസ് റോഡുകൾ വീതി കൂട്ടുന്നത് അധികച്ചെലവാണെന്നും അതോറിറ്റി വാദിച്ചു.









0 comments