മുണ്ടൂരിലെ കാട്ടാന ആക്രമണം; സ്ഥലത്ത് പ്രതിഷേധം തുടരുന്നു

അലൻ
മുണ്ടൂർ: പാലക്കാട് കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ സ്ഥലത്ത് പ്രതിഷേധം തുടരുകയാണ്. ആക്രമണത്തിൽ പരിക്കേറ്റ യുവാവിന്റെ അമ്മ വിജിയുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാൻ വനംവകുപ്പ് തയ്യാറാകണമെന്ന് ബന്ധുക്കളും പ്രതിഷേധിക്കുന്നവരും പറയുന്നു. ഇതിൽ തീരുമാനമാകുന്നവരെ മരണപ്പെട്ട അലന്റെ പോസ്റ്റ്മോർട്ടം നടത്താൻ സമ്മതിക്കില്ലെന്ന നിലപാടിലാണ് ബന്ധുക്കൾ. തീരുമാനം അംഗീകരിക്കുന്നില്ലെങ്കിൽ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കൾ അറിയിച്ചു. മുണ്ടൂരിൽ സിപിഐ എം ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുകയാണ്.
ഞായറാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് അലനും അമ്മയ്ക്കും നേരെ കാട്ടാന ആക്രമണം ഉണ്ടായത്. വീട്ടിലേക്ക് പോകുന്ന വഴിയിൽ കണ്ണാടംചോലയ്ക്ക് സമീപത്ത് വെച്ചാണ് ആന ആക്രമിച്ചത്. ആക്രമണത്തിൽ അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
കാട്ടാന ആക്രമണത്തിൽ ഒരാൾ മരണമടഞ്ഞത് ദാരുണമായ സംഭവമാണെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്‌ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മുണ്ടൂരിലുണ്ടായത് ദാരുണമായ സംഭവമാണ് എന്ന് സമ്മതിക്കാതെ നിവർത്തിയില്ല. അവിടെ സ്ഥാപിച്ച സോളാർ ഫെൻസിങ് തകർത്താണ് രണ്ടോ മൂന്നോ കാട്ടാനകൾ ജനവാസ മേഖലയിലേക്ക് കടന്നത്. സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന കാര്യം തീർച്ചയായും പരിശോധിക്കുന്നതാണ്. വീഴ്‌ചയുണ്ടായിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുന്നതിന് ഗവൺമെന്റിന് യാതൊരു ബുദ്ധിമുട്ടുമില്ല- എ കെ ശശീന്ദ്രൻ കൂട്ടിച്ചേർത്തു.









0 comments