പഹൽഗാം ഭീകരാക്രമണം: കേരളത്തിലേക്ക് സർവീസ് വെട്ടിക്കുറച്ച് വ്യോമയാനക്കമ്പനികൾ

ആലപ്പുഴ: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് കേരളത്തിലേക്കുള്ള ആഭ്യന്തര സർവീസ് വെട്ടിക്കുറച്ച് വ്യോമയാനക്കമ്പനികൾ. കൂടുതൽ സർവീസുള്ള ഇൻഡിഗോ, എയർ ഇന്ത്യ എക്‌സ്‌പ്രസ് എന്നിവയാണ് കുറവ് വരുത്തിയത്. കേരളത്തിൽനിന്ന് കശ്‌മീരിലേക്കുള്ള വിനോദസഞ്ചാരികൾ ഏറെയും ഡൽഹിയിൽ എത്തിയാണ് പോകാറ്. ഇവിടേക്കുള്ള സർവീസുകളാണ് വെട്ടിക്കുറച്ചത്.
ഡൽഹി– -കൊച്ചി സെക്‌ടറിൽ ഇൻഡിഗോ 15 മുതൽ 27 വരെ സർവീസ് പ്രതിദിനം നടത്തിയിരുന്നു. ഇത് നാലിനും എട്ടിനുമിടയിലാണ് കുറച്ചത്. 28 സർവീസുണ്ടായിരുന്ന എയർ ഇന്ത്യ ഇത് മൂന്നുമുതൽ ഏഴുവരെ കുറച്ചു. തിരുവനന്തപുരത്ത് ഇൻഡിഗോ രണ്ട് സർവീസ് റദ്ദാക്കി.
ഭീകരാക്രമണശേഷം സഞ്ചാരികൾ കൂട്ടത്തോടെ യാത്ര റദ്ദാക്കുന്നതിനാലാണ് സർവീസ് കുറച്ചതെന്നാണ് വിവരം. എന്നാൽ, വിമാനങ്ങളുടെ അറ്റകുറ്റപ്പണി, മോശം കാലാവസ്ഥ തുടങ്ങിയവയാണ് സർവീസ് കുറയ്‌ക്കാൻ കാരണമായി വ്യോമയാനക്കമ്പനികൾ പറയുന്നത്.
കേരളത്തിലുള്ള 5 പാക് പൗരർ മടങ്ങി
തിരുവനന്തപുരം: പാകിസ്ഥാൻ പൗരർക്ക് അനുവദിച്ച വിസ കേന്ദ്രസർക്കാർ റദ്ദാക്കിയതോടെ, കേരളത്തിൽ ഹ്രസ്വകാല വിസയിലുണ്ടായിരുന്ന അഞ്ച് പാക് പൗരർ സംസ്ഥാനത്തുനിന്ന് മടങ്ങി. ആകെ 104 പാക് പൗരർ കേരളത്തിലുണ്ടായിരുന്നതായാണ് കണക്ക്. 99 പേരും ദീർഘകാല വിസയുള്ളവരും ഏറെക്കാലമായി താമസിക്കുന്നവരുമാണ്. ഇവർക്ക് ഇളവുണ്ട്. ഇതിൽ പൗരത്വത്തിന് അപേക്ഷിച്ചവരുമുണ്ട്. ശേഷിച്ചവർ. 27നകം രാജ്യം വിടണമെന്നായിരുന്നു നോട്ടീസ്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് വിസ റദ്ദാക്കി തിരിച്ചയയ്ക്കുന്നത്.









0 comments