ബോർഡിനെതിരായ കുപ്രചാരണം ക്ഷേത്രങ്ങളെ തകർക്കാൻ : പി എസ് പ്രശാന്ത്

തിരുവനന്തപുരം
പുകമറ സൃഷ്ടിച്ച് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണ് ശബരിമല ശിൽപ്പപാളിയിലെ സ്വർണം മോഷണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. അന്വേഷണത്തിലൂടെ സത്യം പുറത്തുവരുന്നതുവരെ ബോര്‍ഡിനെതിരെ നടക്കുന്ന കുപ്രചരണങ്ങളില്‍നിന്ന് പിന്തിരിയണം. ശബരിമല വിഷയത്തിൽ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന അന്വേഷണത്തെ പോലും അവിശ്വസിക്കുന്ന സമീപനമാണ് ചില കേന്ദ്രങ്ങള്‍ സ്വീകരിക്കുന്നത്. ദ്വാരപാലക പീഠം കാണാനില്ല എന്ന വ്യാജ ആരോപണവുമായി ആഗോള അയ്യപ്പ സംഗമത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ഉണ്ണികൃഷ്ണന്‍ പോറ്റി രംഗത്തുവന്നത് കൃത്യമായ ഗൂഢാലോചനയുടെ ഭാഗമായാണ്.
ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള 1252 ക്ഷേത്രങ്ങളെ തകര്‍ക്കാൻ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വമായ ശ്രമം നടത്തുകയാണ്. തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടി കൈക്കൊള്ളണം. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളെ തകര്‍ക്കാനുള്ള ഗൂഢശ്രമം ലക്ഷക്കണക്കിന് വിശ്വാസികളെ വേദനിപ്പിക്കുന്ന നടപടിയാണ്. ആറായിരത്തി-ലേറെ ജീവനക്കാരും അയ്യായിരത്തിലേറെ പെന്‍ഷന്‍കാരും ക്ഷേത്രങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന പതിനായിരത്തിലേറെ കുടുംബങ്ങളുമുണ്ട്. ഇത്തരം ശ്രമങ്ങൾ ഇവരെ കൂടി ബാധിക്കും.
വിജിലന്‍സിന്റെ കണ്ടെത്തലുകള്‍ ഗൗരവമുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങളെയും ബോര്‍ഡ് സ്വാഗതം ചെയ്യുന്നതായും അംഗങ്ങളായ എ അജികുമാര്‍, പി ഡി സന്തോഷ് കുമാര്‍ എന്നിവരും വാർത്താകുറിപ്പിൽ അറിയിച്ചു.









0 comments