print edition കെ ജയകുമാർ പ്രസിഡന്റാകുന്നതിൽ അഭിമാനം , പടിയിറങ്ങുന്നത് സംതൃപ്‌തിയോടെ : പി എസ് പ്രശാന്ത്

തിരുവനന്തപുരം
ശബരിമല വികസനത്തിന് സർക്കാർ വലിയ നീക്കങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. കെ ജയകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റാകുന്നത് അഭിമാനകരമാണ്. അദ്ദേഹത്തെപോലെ പരിണത പ്രജ്ഞനായ, അനുഭവ പാരന്പര്യമുള്ള ഒരാൾ ഇൗ പദവിയിലേക്ക് വരുന്നത് ബോർഡിന് കൂടുതൽ ഉൗർജം നൽകും. ബോർഡിന്റെ കാലാവധി നീട്ടും എന്നു പറഞ്ഞത് മാധ്യമങ്ങളാണ്.അത്തരത്തിൽ ഒരു ചർച്ചയും നടന്നതായി അറിയില്ല.
ശബരിമല മണ്ഡല, മകരവിളക്ക് ഉത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നത്. കഴിഞ്ഞ തവണത്തേക്കാൾ മെച്ചപ്പെട്ട സൗകര്യങ്ങളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. അരവണ കഴിഞ്ഞ തവണത്തേക്കാൾ ബഫർ സ്‌റ്റോക്കുണ്ടാകും.
ശബരിമലയിലെ സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നത്. ബോർഡിന്റെ പ്രവർത്തനം സത്യസന്ധമായാണ് നടന്നത്. സത്യസന്ധവും സുതാര്യവും ഭക്തിനിർഭരവുമായാണ് താൻ പ്രവർത്തിച്ചത്.
കോൺഗ്രസുപോലെ കുത്തഴിഞ്ഞ പാർടിയല്ല സിപിഐ എം. ആസ്‌തി സംബന്ധിച്ച് ഏത് അന്വേഷണവും നടത്തിക്കോട്ടെ. മൂന്നു ലക്ഷം രൂപയിൽതാഴെയാണ് ആസ്‌തി. ഒരു സെന്റ് ഭൂമി പേരിലില്ല. ഭാര്യയുടെ പേരിലുള്ള സ്വത്ത് പാരമ്പര്യമായി ലഭിച്ചതാണ്. പ്രതിപക്ഷത്തുള്ളവർ സ്വന്തം ആസ്‌തി വെളിപ്പെടുത്തുമോ എന്ന് വെല്ലുവിളിച്ചിട്ടും ഇതുവരെ മറുപടി കിട്ടിയിട്ടില്ലെന്നും അദ്ദേഹം തലസ്ഥാനത്ത് മാധ്യമങ്ങളോട് പറഞ്ഞു.









0 comments