ഐവിന്റെ വീട്ടിൽ ആശ്വാസവാക്കുകളുമായി മന്ത്രി പി രാജീവ്

അങ്കമാലി
സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ തുറവൂർ ആരിശേരിൽ ഐവിൻ ജിജോയുടെ വീട് മന്ത്രി പി രാജീവ് സന്ദർശിച്ചു. മകൻ നഷ്ടപ്പെട്ട വേദനയിൽ കഴിയുന്ന മാതാപിതാക്കൾക്ക് സാന്ത്വനമായി മന്ത്രിയുടെ സന്ദർശനം.
‘കൈയോ കാലോ ഒടിഞ്ഞാലും ഞങ്ങൾ സഹിച്ചേനെ. ഇങ്ങനെ നിഷ്ഠുരമായി കൊല ചെയ്യാൻ എന്ത് തെറ്റാണ് അവൻ ചെയ്തത്’–- ഐവിന്റെ അമ്മ റോസ്‌മേരി തൊണ്ടയിടറി ചോദിച്ചു. ഈ ധാർഷ്ട്യത്തിന് കടുത്തശിക്ഷ വാങ്ങിക്കൊടുക്കേണ്ടത് ഇത്തരം പ്രവൃത്തികൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമാണെന്ന് അച്ഛൻ ജിജോ പറഞ്ഞു.
അന്വേഷണവുമായി ബന്ധപ്പെട്ട് സുതാര്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്നും പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും പി രാജീവ് കുടുംബത്തിന് ഉറപ്പുനൽകി. അവിടെവച്ചുതന്നെ റൂറൽ എസ്‌പി എം ഹേമലതയുമായി മന്ത്രി സംസാരിച്ചു. സിപിഐ എം ഏരിയ കമ്മിറ്റി അംഗം കെ വൈ വർഗീസ്, ലോക്കൽ സെക്രട്ടറി ജോസഫ് പാറേക്കാട്ടിൽ, ലോക്കൽ കമ്മിറ്റി അംഗം കെ പി ബാബു എന്നിവർ മന്ത്രിയോടൊപ്പം ഉണ്ടായി.









0 comments