മുനമ്പം കമ്മീഷന് പ്രവർത്തനം തുടരാമെന്ന കോടതിവിധി സ്വാഗതാർഹം: പി രാജീവ്

തിരുവനന്തപുരം: മുനമ്പം ഭൂമി കൈവശക്കാരുടെ അവകാശം കണ്ടെത്താൻ നിയോഗിച്ച സി എൻ രാമചന്ദ്രൻ നായർ കമീഷന് പ്രവർത്തനം തുടരാമെന്ന ഹൈക്കോടതി വിധി സ്വാഗതാർഹമെന്ന് നിയമ മന്ത്രി പി രാജീവ്. വിധി കമീഷന്റെ പ്രവർത്തനത്തിന് സഹായകരമാകുമെന്നും സർക്കാർ നടപടി ക്രമങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ സിംഗിൾ ബെഞ്ച് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ കമീഷന്റെ പ്രവർത്തനം നിർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. കമീഷന്റെ നിയമനം നിയമപരമല്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിംഗിൾ ബെഞ്ച് നിർദേശം. എന്നാൽ ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഡിവിഷൾ ബെഞ്ചിന് അപ്പീൽ നൽകുകയായിരുന്നു. ഇതിലാണ് ഇപ്പോൾ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് വന്നിരിക്കുന്നത്.
സിംഗിൾ ബെഞ്ചിന്റെ വിധി ചില സങ്കീർണതകർ സൃഷ്ടിച്ചിരുന്നു. അതുകൊണ്ടാണ് ഉടൻ തന്നെ അപ്പീൽ പോകണമെന്ന നിലപാടിലേക്ക് സർക്കാർ വന്നത്. ഹൈക്കോടതി അപ്പീലിൽ വാദം കേട്ട് വിധി പറയാൻ സമയമെടുക്കും എന്നത് കണക്കിലെടുത്ത് കൊണ്ടാണ്, അതുവരെ കമീഷന്റെ പ്രവർത്തനം തുടരാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ച് കൊണ്ട് ഡിവിഷൻ ബെഞ്ചിനെ സർക്കാർ സമീപിച്ചത്.– പി രാജീവ് പറഞ്ഞു.
സർക്കാർ നിയോഗിച്ച കമീഷന്റെ നിയമനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധി, സുപ്രീംകോടതി വിധികളുടെ ലംഘനമാണെന്ന് സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ് ചൂണ്ടിക്കാട്ടി. കമീഷനെ നിയമിച്ചത് വഖഫ് ഭൂമിയാണോ എന്ന് കണ്ടെത്താനല്ല, ഭൂമി കൈവശമുള്ളവരെ സഹായിക്കാനാണ്. രണ്ട് വിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായാൽ പരിഹരിക്കേണ്ട കടമ സർക്കാരിനുണ്ടെന്നും എജി ബെഞ്ചിന് മുൻപാകെ അറിയിച്ചു.









0 comments