പ്രതിപക്ഷനേതാവ് മാപ്പുപറയണം: മന്ത്രി പി രാജീവ്

തിരുവനന്തപുരം
എ ഐ കാമറ കേസിലെ ഹൈക്കോടതി വിധി പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും മുഖത്തേറ്റ അടിയാണെന്ന് മന്ത്രി പി രാജീവ്. പൊതുതാൽപര്യ ഹർജിയെന്ന പേരിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് പൊതുമേഖലാ സ്ഥാപനങ്ങളെ തകർക്കാനുള്ള ശ്രമമാണ് പൊളിഞ്ഞത്. ഹർജി നൽകിയവർക്ക് തെളിവിന്റെ കണികപോലും ഹാജരാക്കാനായില്ല. അതാണ് തള്ളാൻ കാരണം. വിധി ഉൾക്കൊണ്ട് പ്രതിപക്ഷ നേതാവ് മാപ്പ് പറയണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ച് ആരോപണങ്ങൾ കെട്ടിച്ചമയ്ക്കാനുള്ള സംവിധാനമല്ല പൊതുതാൽപര്യ ഹർജിയെന്ന് കോടതിതന്നെ വ്യക്തമാക്കി. കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ ദുർബലപ്പെടുത്താൻ ആസൂത്രിത ശ്രമമാണ് പ്രതിപക്ഷം നടത്തുന്നത്. വസ്തുത പരിശോധിക്കാതെ സർക്കാരിന്റെ എല്ലാ ഉത്തരവുകളെയും എതിർക്കുന്നു. വ്യാജ ആരോപണങ്ങളിൽ അഭിരമിക്കുന്നവർ ഇതിൽനിന്ന് പാഠം ഉൾക്കൊള്ളണം. വിധിക്കുശേഷം സതീശൻ നടത്തിയ പ്രതികരണം കോടതിയെ സംശയത്തിന്റെ നിഴലിലാക്കുന്നതാണ്. എഐ കാമറകൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് കൂടുതൽ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.








0 comments