മുനമ്പം കമീഷന്റെ പ്രവർത്തനം ; ഹൈക്കോടതി വിധി 
സഹായകമാകും: പി രാജീവ്‌

p rajeev
വെബ് ഡെസ്ക്

Published on Apr 08, 2025, 02:33 AM | 1 min read


തിരുവനന്തപുരം

ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി മുനമ്പം കമീഷന്റെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ സഹായകമാകുമെന്ന്‌ നിയമമന്ത്രി പി രാജീവ്‌. മുനമ്പത്ത്‌ താമസിക്കുന്നവരുടെ നിയമപരമായ അവകാശം സംരക്ഷിക്കാൻ എന്തെല്ലാം നടപടികളാണ്‌ സർക്കാരിന്‌ സ്വീകരിക്കാൻ കഴിയുക എന്നതു സംബന്ധിച്ച്‌ പഠിച്ച്‌ റിപ്പോർട്ട്‌ നൽകാനാണ്‌ കമീഷനെ ചുമതലപ്പെടുത്തിയത്‌. മുനമ്പത്തേത്‌ ഏതു സ്വഭാവത്തിലുള്ള ഭൂമിയാണെങ്കിലും വർഷങ്ങളായി ഇവിടെ താമസിക്കുന്നവരുടെ നിയമപരമായ അവകാശം സംരക്ഷിക്കേണ്ടതുണ്ട്‌. ആ ലക്ഷ്യത്തിലേക്ക്‌ ശ്രമിക്കാൻ പോലും സർക്കാരിന്‌ അവകാശമില്ലെന്ന നിലപാടാണ്‌ ഹൈക്കോടതി സിംഗിൾ ബെഞ്ച്‌ സ്വീകരിച്ചത്‌. ഭൂമി വഖഫ്‌ ഭൂമിയാണ്‌ എന്ന തരത്തിൽ കോടതി നിരീക്ഷണം ഉൾപ്പെടെ ഹൈക്കോടതി വിധിയിൽ പരാമർശിച്ചിരുന്നു. അത്തരം ചില സങ്കീർണതകൾ ആ വിധി സൃഷ്ടിച്ചതിനാലാണ്‌ ഉടൻ അപ്പീൽ പോകാനുള്ള സർക്കാർ തീരുമാനം. അപ്പീലിൽ വാദംകേട്ട്‌ വിധി പറയുന്നതിനു സമയമെടുക്കുമെന്നതു കൊണ്ടാണ്‌ വിധി വരുന്നതുവരെ കമീഷന്റെ പ്രവർത്തനം തുടരാൻ അനുവദിക്കണമെന്ന്‌ അഭ്യർഥിച്ചത്‌. കോടതി അത്‌ അംഗീകരിച്ചു. അതിവേഗം കമീഷൻ പ്രവർത്തനം പൂർത്തിയാക്കാനാകുമെന്നാണ്‌ കരുതുന്നത്‌. ജൂണോടെ അപ്പീലിൽ വിധി വരും. അതിന്‌ വിധേയമായാകും മറ്റു കാര്യങ്ങൾ–- മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home