സുപ്രീംകോടതി വിധി ഗവർണർമാർക്കും കേന്ദ്രത്തിനും താക്കീത് : പി രാജീവ്

ആലപ്പുഴ : തമിഴ്നാട് ഗവർണർക്കെതിരായ സുപ്രീംകോടതി വിധി ജനാധിപത്യവും ഭരണഘടനയും ഉയർത്തിപ്പിടിക്കുന്നതാണെന്ന് നിയമ മന്ത്രി പി രാജീവ്. ജനഹിതം അട്ടിമറിക്കാൻശ്രമിച്ച ഗവർണർമാർക്കും അവരെ ഉപയോഗിക്കാൻ ശ്രമിച്ച കേന്ദ്ര സർക്കാരിനുമെതിരെയുള്ള താക്കീതാണ് വിധിയെന്ന് മന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഗവർണർമാരുടെ നീക്കത്തിനെതിരെ കേരളത്തിന്റെ ആവശ്യംകൂടി അംഗീകരിക്കുന്നതാണ് വിധി. നിയമസഭ പാസ്സാക്കുന്ന നിയമത്തിന് ഭരണഘടനാ സാധുതയുണ്ടോയെന്ന് പരിശോധിക്കാൻ നീതിന്യായ സംവിധാനത്തിനാണ് അധികാരം. സഭ നിയമം പാസാക്കിയാൽ ഗവർണർക്ക് അതിൽ ഒപ്പിടാം. അല്ലെങ്കിൽ അഭിപ്രായം വ്യക്തമാക്കി തിരിച്ചയക്കാം. വീണ്ടും ബിൽ ഗവർണറുടെ മുന്നിലെത്തിയാൽ ഒപ്പിടുകയേ മാർഗമുള്ളൂ.
കേരള നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ 23 മാസംവരെ പിടിച്ചുവച്ചു. ഭരണഘടന ഗവർണർക്ക് നൽകുന്ന അധികാരം മന്ത്രിസഭയുടെ നിർദേശം അനുസരിച്ച് പ്രവർത്തിക്കാനാണ്. ഭരണഘടന അംഗീകരിച്ചതോ ഇന്ത്യ റിപ്പബ്ലിക്ക് ആയതോ മനസിലാകാത്ത വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനമെന്ന ഇടതുപക്ഷത്തിന്റെ വിമർശനം സാധൂകരിക്കുന്നതാണ് വിധി.
ബില്ലുകൾക്ക് മുകളിൽ അടയിരിക്കുക, അതുവഴി ജനാധിപത്യത്തെ അട്ടിമറിക്കുക, നിയമസഭയുടെ അധികാരത്തെ വെല്ലുവിളിക്കുക എന്നിവയാണ് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗവർണർമാർ ചെയ്തിരുന്നത്. അതിനുമുകളിൽ വ്യക്തമായ വ്യവസ്ഥയുണ്ടാക്കുകയാണ് സുപ്രീം കോടതി ചെയ്തത്. ഭരണഘടനയുടെ വികസിതമായ വ്യാഖ്യാനമാണ് സുപ്രീംകോടതി നടത്തിയതെന്നും രാജീവ് പറഞ്ഞു.









0 comments