നെല്ല് സംഭരണം: കേന്ദ്രം നൽകാനുള്ളത് 1000 കോടി- മന്ത്രി പി പ്രസാദ്

തിരുവനന്തപുരം: നെല്ല് സംഭരിച്ച വകയിൽ കേന്ദ്ര സർക്കാർ 1000 കോടി രൂപ കേരളത്തിന് നൽകാനുണ്ടെന്ന് കൃഷി മന്ത്രി പി പ്രസാദ്. സപ്ലൈകോ കർഷർക്ക് നെല്ലിന്റെ വില നൽകാൻ മാവേലിസ്റ്റോറിലെ വിറ്റുവരവ് തുക പോലും എടുത്ത അവസരങ്ങളുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
നെല്ല് സംഭരിച്ചതിന് കർഷകർക്ക് കൃത്യസമയത്ത് പണം ലഭ്യമാകാത്ത പ്രശ്നങ്ങൾ പരിഹരിക്കാൻ കൃഷി വകുപ്പിന്റെ മേൽനോട്ടത്തിൽ ഡോ. ബേബി അധ്യക്ഷനായ സമിതിയെ നിയോഗിച്ചിരുന്നു. ആ റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലാണ്. അന്തിമ തീരുമാനം ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നതിനായിരിക്കും.
കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യൂ ചെയിൻ മോഡേനൈസേഷൻ പ്രോജക്ട് (കേര ) പദ്ധതിയ്‌ക്ക് നൽകിയ തുക സർക്കാർ വകമാറ്റിയെന്ന് ചില മാധ്യമങ്ങൾ നടത്തുന്ന പ്രചരണം ശരിയല്ല . 49 കോടി രൂപ കേരയുടെ അക്കൗണ്ടിൽ എത്തി. 139 കോടി രൂപയാണ് മൂൻകൂറായി ലോക ബാങ്ക് അനുവദിച്ചത്. ബാക്കി തുക പരിശോധന കഴിഞ്ഞ് ലഭിക്കും.
കേര പദ്ധതിക്ക് അനുവദിക്കുന്ന തുക വകമാറ്റാനോ, പിടിച്ചുവയ്‌ക്കാനോ കഴിയില്ല.
കാടില്ലാത്ത ആലപ്പുഴ ജില്ലയിൽപോലും കാട്ടുപന്നി ശല്യം രൂക്ഷമാണ്. കാട്ടുപന്നികളെ കൊന്നുതിന്നാനുള്ള അധികാരം കർഷകർക്ക് നൽകിയാൽ ഈ പ്രശ്‌നം അവസാനിക്കും. ഇതിനായി നിയമഭേദഗതി വരുത്തണം. നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന ഉപകരണത്തിന്റെ സഹായത്തോടെ കാട്ടുപന്നികളെ തുരത്താനുള്ള പദ്ധതിക്ക് 5 കോടി രൂപ ആർകെവിവൈ ഫണ്ടിൽ നിന്നും നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.









0 comments