ജിഐഇഎ ത്രൈവാർഷിക സമ്മേളനം
print edition ചരിത്രം പഠിച്ചുമാത്രമെ ഫാസിസത്തെ ചെറുക്കാനാകൂ : പി എൻ ഗോപീകൃഷ്‌ണൻ

കൊച്ചി
ചരിത്രം പഠിച്ചുമാത്രമെ ഫാസിസത്തെ ചെറുക്കാനാകൂവെന്ന് എഴുത്തുകാരൻ പി എൻ ഗോപീകൃഷ്‌ണൻ പറഞ്ഞു. ജനറൽ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷൻ (ജിഐഇഎ) ദക്ഷിണമേഖല ത്രൈവാർഷിക സമ്മേളനത്തിന്റെ ഭാഗമായി "ഇന്ത്യൻ ഫാസിസത്തിന്റെ ഒരുനൂറ്റാണ്ട്’ വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രത്തിന്റെ ഇരുട്ടിൽ പതിയിരുന്ന് പ്രവർത്തിക്കുന്ന സംഘടനയാണ് ആർഎസ്‌എസ്. അവരുടെ ഫാസിസ്റ്റ് അജൻഡകളാണ് മോദി നടപ്പാക്കുന്നത്. നമ്മുടെ മൗനത്തിന്റെ വെള്ളവും വളവുമുപയോഗിച്ചാണ് രാജ്യത്ത് ഫാസിസം വളരുന്നത്. അതിനെ പ്രതിരോധിക്കാൻ, മുമ്പ് എന്തെല്ലാം സംഭവിച്ചുവെന്നത് അറിയണം. നാം പഠിക്കുന്ന ചരിത്രം പുതിയ തലമുറയിലേക്ക് പകർന്ന് നിരന്തര പോരാട്ടത്തിന് നേതൃത്വം നൽകേണ്ടതുണ്ടെന്നും ഗോപീകൃഷ്‌ണൻ പറഞ്ഞു.
ഫാസിസത്തിന് കുടപിടിക്കുന്നതിലേക്ക് ഇന്ത്യൻ മാധ്യമങ്ങൾ മാറിയതിനെക്കുറിച്ച് ടെലിഗ്രാഫ് മുൻ എഡിറ്റർ ആർ രാജഗോപാർ സംസാരിച്ചു. സംഘാടകസമിതി ജനറൽ കൺവീനർ പി കെ ശെൽവരാജ്, സിപിഇഒ ജനറൽ സെക്രട്ടറി സി ഡി നന്ദകുമാർ, സി ബി വേണുഗോപാൽ എന്നിവരും സംസാരിച്ചു.
15നും 16നും എറണാകുളം വിമൻസ് അസോസിയേഷൻ ഹാളിൽ നടക്കുന്ന ജനറൽ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷൻ (ജിഐഇഎ) ദക്ഷിണമേഖല 19–-ാം ത്രൈവാർഷിക സമ്മേളനം മന്ത്രി പി രാജീവ് ഉദ്‌ഘാടനംചെയ്യും. ആന്ധ്ര, തെലങ്കാന, കർണാടകം, തമിഴ്‌നാട്, കേരളം, പോണ്ടിച്ചേരി എന്നിവിടങ്ങളിൽനിന്നുള്ള സംഘടനാ പ്രതിനിധികളും നിരീക്ഷകരുമടക്കം നൂറിലധികംപേർ പങ്കെടുക്കും.









0 comments