ഒരാളെയും സംരക്ഷിക്കില്ല, ഉറച്ച നിലപാടാണ്; ശബരിമല സ്വർണമോഷണക്കേസ് പാർടിയെ പ്രതിരോധത്തിലാക്കില്ല: എം വി ഗോവിന്ദൻ

എം വി ഗോവിന്ദൻ, എ പത്മകുമാർ
തിരുവനന്തപുരം: ശബരിമല സ്വർണമോഷണക്കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തുന്ന ഒരാളെയും പാർടി സംരക്ഷിക്കില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. കേസ് ഒരുതരത്തിലും പാർടിയെ പ്രതിരോധത്തിലാക്കില്ല. ഹൈക്കോടതി നിർദേശമനുസരിച്ച് പ്രവർത്തിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന് കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെയെല്ലാം അറസ്റ്റ് ചെയ്യാം. കുറ്റവാളിയാണോ അല്ലയോ എന്നത് കോടതി കണ്ടെത്തും. സിപിഐ എമ്മിന്റേത് ഉറച്ചനിലപാടാണ്, പാർടിയുടെ കൈ ശുദ്ധമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കട്ടിളപ്പടികളിലെ സ്വർണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ടകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻപ്രസിഡന്റ് എ പത്മകുമാറിന്റെ അറസ്റ്റിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ ഒരുതരി സ്വർണംപോലും നഷ്ടപ്പെടാൻ പാടില്ല. ഏത് ഉന്നതരായാലും പിടിക്കപ്പെടണം. സിപിഐ എമ്മിന് കളങ്കമുണ്ടാക്കാൻ ഒരാളെയും അനുവദിക്കില്ല. കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയാൽ അപ്പോൾ പാർടി സംഘടനാപരമായി ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.







0 comments