രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രീം കോടതിയുടെ പ്രതികരണം ഞെട്ടിക്കുന്നത്: എം എ ബേബി

MA BABY, SC
വെബ് ഡെസ്ക്

Published on Nov 20, 2025, 04:46 PM | 1 min read

ന്യൂഡൽഹി: സംസ്ഥാന നിയമനിർമ്മാണത്തിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ഗവർണർമാരുടെ അധികാരങ്ങളെക്കുറിച്ചുള്ള രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രീം കോടതിയുടെ പ്രതികരണത്തെ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി അപലപിച്ചു. കോടതിയുടെ നിലപാട് നിർഭാഗ്യകരവും ഞെട്ടിപ്പിക്കുന്നതുമാണ് എന്ന് എം എ ബേബി പ്രസ്താവനയിൽ അറിയിച്ചു.


നിയമസഭ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവയ്ക്കിടയിലുള്ള ഭരണഘടനാ പരിശോധനകളും സന്തുലിതാവസ്ഥയും നിലനിർത്തുന്നതിൽ കോടതി ഇടപെടാൻ മടിക്കരുത്. ഒരു വശത്ത്, ബില്ലുകൾക്ക് അനുമതി നൽകുന്നതിന് സമയപരിധി നിശ്ചയിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി പറയുന്നു. മറുവശത്ത്, ഗവർണറോട് സമയബന്ധിതമായി തീരുമാനമെടുക്കണമെന്ന് നിർദ്ദേശിക്കാൻ കോടതിക്ക് അധികാരമുണ്ടെന്നും പറയുന്നു.


സമയബന്ധിതമായ രീതി എന്താണെന്ന് ആര് തീരുമാനിക്കും? ജുഡീഷ്യറി അതിന്റെ ഭരണഘടനാ ഉത്തരവാദിത്തത്തിൽ നിന്ന് സ്വയം ഒഴിഞ്ഞുമാറരുതെന്നും എം എ ബേബി പറഞ്ഞു. സംസ്ഥാന നിയമസഭകൾ പാസാക്കിയ ബില്ലുകൾ അംഗീകരിക്കുന്നതിൽ രാഷ്ട്രപതിയും ഗവർണർമാരും നടത്തുന്ന കാലതാമസം സംബന്ധിച്ച് വ്യാഴാഴ്ച പുറപ്പെടുവിച്ച സുപ്രീംകോടതി വിധിക്ക് മറുപടിയായാണ് എം എ ബേബിയുടെ പരാമർശം.


നിയമസഭ പാസാക്കുന്ന ബില്ലുകൾ അനിശ്ചിതമായി തടയാൻ ഗവർണർക്ക് അധികാരമില്ലെന്നാണ് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. ബില്ലിന് അനുമതി നൽകുക, ബിൽ നിയമസഭയിലേക്ക് പുനഃപരിശോധനയ്ക്കായി തിരിച്ചയക്കുക, അല്ലെങ്കിൽ രാഷ്ട്രപതിക്ക് അയയ്ക്കുക എന്നീ ഓപ്ഷനുകൾ മാത്രമാണ് ഭരണഘടന ഗവർണർക്ക് അനുവദിക്കുന്നത്.


അതേസമയം, ബില്ലുകളിൽ നടപടിയെടുക്കാൻ ഗവർണർമാർക്ക് ഒരു നിശ്ചിത സമയപരിധി നിർദ്ദേശിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അന്യായമായ കാലതാമസം ഉണ്ടാകുമ്പോൾ മാത്രമേ ജുഡീഷ്യൽ ഇടപെടൽ സാധ്യമാകൂ എന്നും കോടതി പ്രസ്താവിച്ചു. ബില്ലുകളിൽ ​ഗവർണർമാർ അടയിരിക്കുന്നത് കേരളവും തമിഴ്‌നാടും ഉൾപ്പെടെ നിരവധി സംസ്ഥാന സർക്കാരുകൾ ആവർത്തിച്ച് ഉന്നയിച്ച ഒരു പ്രധാന ഭരണഘടനാപരവും രാഷ്ട്രീയവുമായ ആശങ്കയാണ്. ഇതോടെ നിയമസഭ ഏകകണ്ഠമായി പാസാക്കിയ ബില്ലുകൾ ദീർഘകാലമായി കെട്ടിക്കിടക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Home