ഭിന്നശേഷിക്കാരോട് ഇരട്ടത്താപ്പ്, 80 ശതമാനം പേരും ഇൻഷൂറൻസ് പരിരക്ഷയ്ക്ക് പുറത്ത്

ന്യൂഡൽഹി: രാജ്യത്തെ ഭിന്നശേഷിക്കാരിൽ 80 ശതമാനത്തിലധികം പേർക്കും ഇൻഷൂറൻസ് പരിരക്ഷ നിഷേധിക്കപ്പെടുന്നതായി റിപ്പോർട്. അപേക്ഷയുടെ ഘട്ടത്തിൽ തന്നെ പകുതിയിലധികം പേരും വ്യക്തമായ കാരണങ്ങളൊന്നുമില്ലാതെ പുറത്താക്കപ്പെടുന്നു.
നാഷണൽ സെന്റർ ഫോർ പ്രൊമോഷൻ ഓഫ് എംപ്ലോയ്മെന്റ് ഫോർ ഡിസേബ്ൾഡ് പീപ്പിൾ (NCPEDP- ‘Inclusive Health Coverage for All: Disability, Discrimination and Health Insurance in India) ആണ് റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയത്. നയരൂപകർ, ഇൻഷുറൻസ് മേഖല പ്രതിനിധികൾ, ഭിന്നശേഷി അവകാശ പ്രവർത്തകർ എന്നിവർ പങ്കെടുത്ത റൗണ്ട്ടേബിളിൽ വ്യാഴാഴ്ചയാണ് റിപ്പോർട് അവതരിപ്പിച്ചത്.
ദേശവ്യാപകമായി നടത്തിയ സർവേ ഗുരുതരവും വ്യവസ്ഥാപരവുമായ അസമത്വങ്ങൾ ഈ രംഗത്ത് തുടർന്നുവരുന്നതായി ചൂണ്ടികാട്ടുന്നു.
അവകാശം നിഷേധിക്കപ്പെട്ട് 16 കോടി മനുഷ്യർ
34 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഉൾപ്പെടുന്ന മേഖലയിൽ 5,000-ത്തിലധികം ഭിന്നശേഷിക്കിടയിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് വിവേചനം കണ്ടെത്തിയത്. രാജ്യത്തെ ഏകദേശം 16 കോടി ഭിന്നശേഷിക്കാർ ഈ ഇരട്ടത്താപ്പിന്റെ ഇരകളായി അവകാശങ്ങൾ നിഷേധിക്കപ്പെട്ട് നിർത്തപ്പെട്ടിരിക്കുന്നു.
പൊതുമേഖലയിലെയോ സ്വകാര്യമേഖലയിലെയോ എന്ന വ്യത്യാസമില്ലാതെ തന്നെ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിലേക്കുള്ള പ്രവേശനം ഇവർക്കെല്ലാം നിഷേധിക്കപ്പെട്ടിരിക്കയാണെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
സർവ്വെയിൽ പങ്കെടുത്ത 80% പേർക്ക് ഇൻഷുറൻസ് കവറേജ് ഇല്ല. ഇവരിൽ 53% പേരുടെ അപേക്ഷ നിരസിക്കപ്പെടുകയായിരുന്നു. ഓട്ടിസം, സൈക്കോസോഷ്യൽ ഡിസബിലിറ്റികൾ, പഠനശേഷി പ്രശ്നങ്ങൾ, താലസീമിയ പോലുള്ള രക്തരോഗങ്ങൾ എന്നിങ്ങനെ വെല്ലുവിളി നേരിടുന്നവരുടെ അപേക്ഷകളാണ് ഏറ്റവും അധികം തള്ളപ്പെടുന്നത്.
ഇന്ത്യൻ ഭരണഘടന വാഗ്ദാനം ചെയ്യുന്ന സ്ഥിതി സമത്വം. ഭിന്നശേഷിക്കാരുടെ അവകാശ നിയമം (RPwD Act, 2016), IRDAI എന്നിവയെല്ലാം ഈ വിവേചനപരമായ പ്രവണതകൾ പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ട് നിൽക്കുന്നു.
"അമിതമായ പ്രീമിയങ്ങൾ, പ്രാപ്യമല്ലാത്ത ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, ലഭ്യമായ പദ്ധതികളെക്കുറിച്ചുള്ള ബോധവൽക്കരണത്തിന്റെ അഭാവം എന്നിവയും ഇവർക്ക് തടസ്സമാവുന്നു" - പ്രകാശന ചടങ്ങിൽ സാമൂഹികനീതി മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി മൻമീത് നന്ദ പറഞ്ഞു.
യൂണിക് ഡിസബിലിറ്റി ഐഡി (UDID) പ്രകാരം ഇവരെയെല്ലാം തിരിച്ചറിയാനുള്ള അവസരമുണ്ട്. ഈ ഡാറ്റാബേസ് ഇൻഷുറൻസ് പ്രക്രിയകളുമായി ബന്ധിപ്പിച്ച് അപേക്ഷാ നിരസനങ്ങൾ ട്രാക്ക് ചെയ്യണമെന്ന ആവശ്യം പ്രാവർത്തികമായില്ല. പകരം വിവേചനത്തിനുള്ള ഉപാധിയായി മാറിയ സാഹചര്യമാണ്.
70 വയസ്സിന് മുകളിലുള്ളവർക്ക് സർക്കാർ നൽകുന്ന ആയുഷ്മാൻ ഭാരത് (PM-JAY) കവറേജിൽ പോലും ഭിന്നശേഷിക്കാരെ ഉൾപ്പെടുത്തുന്നില്ല.








0 comments