കോഴിക്കോട് പട്ടാപ്പകൽ ജ്വല്ലറിയിൽ യുവതിയുടെ മോഷണശ്രമം; നാട്ടുകാർ പിടികൂടി കെട്ടിയിട്ടു

പിടിയിലായ സൗദാബി (ഇടത്), സിസിടിവി ദൃശ്യത്തിൽനിന്ന് (വലത്)
പന്തീരാങ്കാവ്: കോഴിക്കോട് പന്തീരാങ്കാവിലെ ജ്വല്ലറിയിൽ പട്ടാപ്പകൽ യുവതിയുടെ മോഷണശ്രമം. ജ്വല്ലറി ഉടമയ്ക്കുനേരെ പെപ്പർ സ്പ്രേ അടിച്ച് കടന്നുകളയാൻ ശ്രമിച്ച യുവതിയെ നാട്ടുകാർ പിടികൂടി. യുവതി ആത്മഹത്യാശ്രമം നടത്തിയതോടെ ആളുകള്‍ ഇവരെ കെട്ടിയിടുകയും പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. പൂവാട്ടുപറമ്പ് സ്വദേശിനി സൗദാബിയാണ് കസ്റ്റഡിയിലായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വ്യാഴം രാവിലെ പത്തരയോടെയാണ് സംഭവം. സ്വർണാഭരണം ആവശ്യപ്പെട്ട് അങ്ങാടിയിലെ സൗപർണിക ജ്വല്ലറിയിൽ എത്തിയ സൗദാബി, ഉടമയായ മുട്ടഞ്ചേരി രാജൻ ആഭരണം എടുക്കാൻ തിരിഞ്ഞതോടെ ഇയാളുടെ മുഖത്തേക്ക് കയ്യിൽ കരുതിയ പെപ്പർ സ്‌പ്രേ അടിക്കുകയായിരുന്നു. യുവതിയുടെ ആക്രമണത്തെ ഉടൻതന്നെ ഉടമ ചെറുത്തു. ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാർ സൗദാബിയെ കീഴ്പ്പെടുത്തുകയും ചെയ്തു. ഇതിനിടയിൽ സ്വയംകൊളുത്തി ആത്മഹത്യചെയ്യാനും സൗദാബി ശ്രമിച്ചു. ഇതോടെ നാട്ടുകാർ ഇവരെ കെട്ടിയിട്ടു. പന്തീരാങ്കാവ് പൊലീസ് സ്ഥലത്തെത്തി സൗദാബിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സാമ്പത്തിക പ്രയാസംമൂലമാണ് മോഷണശ്രമത്തിന് മുതിർന്നതെന്ന് ചോദ്യംചെയ്യലിൽ സൗദാബി വെളിപ്പെടുത്തി.
ആഴ്ചകൾക്ക് മുമ്പ് സമാനമായ രീതിയിൽ മോഷണശ്രമം നടത്തുന്നതിന് ഇതേ സ്ത്രീ ജ്വല്ലറിയിൽ എത്തിയതായി ഉടമ പറഞ്ഞു. എന്നാൽ അന്ന് കൂടെയുണ്ടായിരുന്ന ആൾ പണവുമായി എത്തിയില്ലെന്ന് പറഞ്ഞ് ഇവർ തിരികെ പോവുകയായിരുന്നു. അതിനിടയിലാണ് ഇന്ന് വീണ്ടും ജ്വല്ലറിയിൽ എത്തി മോഷണശ്രമം നടത്തിയത്.








0 comments