ധനുമാസചന്ദ്രിക പിറന്നു

ദേവരാജൻ മാസ്റ്റർക്കും യേശുദാസിനുമൊപ്പം പി ജയചന്ദ്രൻ
"യേശുദാസ് പാടാൻ പോകുന്ന പാട്ടാണ്, ഒരു പരിശീലനത്തിന് വേണ്ടി മാത്രം താനിത് പാടിപ്പഠിച്ചാൽ മതി...'' സാക്ഷാൽ ദേവരാജൻ മാസ്‌റ്ററുടെ നിർദേശം. കേവലം ഒരു സിനിമയുടെ പരിചയം മാത്രമുള്ള ചെറുപ്പക്കാരൻ അതനുസരിച്ച് പാടി.
"മഞ്ഞലയിൽ മുങ്ങിത്തോർത്തി ധനുമാസ ചന്ദ്രിക വന്നു... നിന്നെ മാത്രം കണ്ടില്ലല്ലോ...''
പലതവണ പാടിപ്പഠിച്ച ഗാനം മൈക്കിൽ പാടാൻ മാസ്‌റ്റർ ജയചന്ദ്രനോട് ആവശ്യപ്പെട്ടു. യേശുദാസ് പാടേണ്ട ഗാനം എന്തിനാണ് തന്നെക്കൊണ്ട് മൈക്രോഫോൺ ഉപയോഗിച്ച് പാടിക്കുന്നത് എന്ന സംശയം മാത്രം മനസ്സിലുണ്ടായിരുന്നു. റെക്കൊർഡിങ്ങിൽ എങ്ങനെയിരിക്കും എന്ന് അറിയാൻ വേണ്ടിയാകും എന്നൊക്കെ ആലോചിച്ചു. എന്തായാലും മാസ്‌റ്റർ പറഞ്ഞത് കേൾക്കുക. "സ്‌റ്റാർട്ട്'' മാസ്‌റ്ററുടെ നിർദേശം വന്നപാടെ പ്രണയവിരഹം നിറഞ്ഞ കാമുകനെയോർത്ത് ലയിച്ച് പാടി.
"കർണ്ണികാരം പൂത്തു തളിർത്തു കൽപനകൾ താലമെടുത്തു കണ്മണിയെ കണ്ടില്ലല്ലോ എന്റെ സഖി വന്നില്ലല്ലോ''
ഒട്ടും ശങ്കിക്കാതെയാണ് പാടിത്തീർത്തത്. പാട്ടുകഴിഞ്ഞു. ഒന്ന് മൂളിയതല്ലാതെ മാസ്‌റ്റർ മറ്റൊന്നും പറഞ്ഞില്ല. സംവിധായകനായ എം കൃഷ്‌ണൻനായർ വന്ന് പാട്ട് നന്നായെന്ന് ജയചന്ദ്രനോട് പറഞ്ഞു. തിരികെ ചോദിച്ചു.
"എപ്പോഴാണ് ദാസേട്ടൻ പാടാൻ വരിക?'' "ദാസേട്ടനോ? എന്ത് പാടാൻ?'' "അല്ല ഈ പാട്ട് അദ്ദേഹമല്ലേ പാടുന്നത്?'' അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു "എടാ നീ ആ പാട്ട് പാടിക്കഴിഞ്ഞു. നിനക്കുവേണ്ടിത്തന്നെയാ മാസ്‌റ്റർ ഈ പാട്ട് ചിട്ടപ്പെടുത്തിയത്.
"ഞാനോ, ഞാനാണോ സിനിമയിൽ ഈ പാട്ട്...'' സന്തോഷം കൊണ്ടോ എന്തോ വരികൾ പൂർത്തിയാക്കാൻ ജയചന്ദ്രന് കഴിഞ്ഞില്ല. ജയചന്ദ്രൻ ഈ പാട്ട് നന്നായി പാടുന്നുണ്ടെന്ന് മുൻപ് തന്നെ കൃഷ്‌ണൻനായരോട് ദേവരാജൻ പറഞ്ഞിരുന്നു. അങ്ങനെ ഒറിജിനൽ പാടുകയാണെന്നറിയാതെ ആലപിച്ച ഗാനം സംഗീതജീവിതത്തിൽ വഴിത്തിരിവായി. ഭാവഗായകന്റെ പേര് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്ന ഈണമായി... ഭാഗ്യജോഡികളായ നസീറും ഷീലയുമായിരുന്നു ഗാനരംഗത്ത്.
എം കൃഷ്‌ണൻനായർ സംവിധാനം ചെയ്‌ത "കളിത്തോഴൻ'' (1966) എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ഇത്. പി ഭാസ്‌ക്കരന്റേതായിരുന്നു വരികൾ. "താരുണ്യം തന്നുടെ താരമപ്പൂവനത്തിൽ...'' എന്ന ഗാനം മാത്രമായിരുന്നു ചിത്രത്തിൽ ജയചന്ദ്രനായി ആദ്യം പറഞ്ഞിരുന്നത്. "മഞ്ഞലയിൽ’ യേശുദാസിന് വേണ്ടിയുള്ള പാട്ടാണെന്ന് പറഞ്ഞിരുന്നെങ്കിലും ചിത്രത്തിൽ ഒരു പാട്ടുപോലും അദ്ദേഹം പാടിയിരുന്നില്ല.









0 comments