പാട്ടിലെ ഏകാന്തപഥികൻ പോയി മറഞ്ഞു....

jayachandran

പി ജയചന്ദ്രൻ

avatar
എൻ എ ബക്കർ

Published on Jan 09, 2025, 11:16 PM | 2 min read

കാന്തപഥികൻ എന്നാണ് ജയചന്ദ്രന്റെ ആത്മകഥയുടെ പേര്. മലയാളത്തിൽ അദ്ദേഹത്തിൻറെ പാട്ടുകൾ ഇഷ്ടപ്പെടുന്നവരുടെ മനസ്സിലെ ഏകാന്തപഥികനായിരുന്നു ജയചന്ദ്രൻ. മലയാള ചലച്ചിത്ര ഗാനശാഖയിലെ പൗരുഷമുള്ള ശബ്ദത്തിന്റെ ഉടമ എന്നാണ് ദേവരാജൻ മാസ്റ്റർ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.


മലയാളത്തിൻറെ സ്നേഹഗായകനും ആയിരുന്നു ജയചന്ദ്രൻ. അദ്ദേഹം പാടിയ പ്രണയഗാനങ്ങളിൽ മനസിന്റെ ആഴങ്ങളെ തൊടുന്ന ഭാവതലങ്ങൾ മുന്നിട്ടുനിന്നു. ബന്ധനം എന്ന ചിത്രത്തിലെ രാഗം ശ്രീരാഗം എന്ന ഗാനത്തിന് പുരസ്കാരം ലഭിച്ച അനുഭവം ജയചന്ദ്രൻ ആത്മകഥയിൽ പങ്കുവെക്കുന്നു. ശരദിന്ദു മലർ ദീപനാളം....  എന്ന പാട്ടിന് ലഭിക്കാതെ പോയ അംഗീകാരമാണ്.


 പുരസ്കാരങ്ങൾ എങ്ങനെയും വരട്ടെ എന്ന നിസ്സംഗതയാണ് അദ്ദേഹം പങ്കുവെക്കുന്നത്.  തൻറെ ഇഷ്ടപ്പെട്ട പാട്ടുകളെ ഹൃദയ രാഗങ്ങളായ് കൊണ്ടുനടക്കുന്നവർക്ക് ഒപ്പമാണ് ഗായകൻ.

ബന്ധനം എന്ന  ചിത്രത്തിലെ രാഗം ശ്രീരാഗം എന്ന ഗാനം ചിട്ടപ്പെടുത്തിയത് എംബി ശ്രീനിവാസനാണ്. ഒഎൻവി കുറുപ്പിൻറെ വരികൾ. ഈ പാട്ടിനാണ് 1978 ൽ സംസ്ഥാന പുരസ്കാരം ലഭിക്കുന്നത്.


പിടിച്ചുകൊണ്ടുപോയി പാടിച്ച പാട്ട് എന്നാണ് ജയചന്ദ്രൻ ഇതിനെക്കുറിച്ച് തൻറെ ആത്മകഥയിൽ വിശേഷിപ്പിക്കുന്നത്.


p jayachandran


“വിടപറയും വധുവിൻ കവിളിൽ വിടരും കുങ്കുമരാഗം…” എന്ന വരികൾ ഉദ്ധരിച്ച് അത് ആത്മാവിൽ നിന്നു പൊഴിഞ്ഞു വീഴുന്ന പോലെ സ്വയം അനുഭവപ്പെട്ടു എന്ന് അദ്ദേഹം പറയുന്നുണ്ട്.


ജയചന്ദ്രന്റെ പാട്ടുകളിൽ അങ്ങനെ മനുഷ്യരെ തൊട്ടു നിൽക്കുന്ന ഒരു ആത്മഭാവം എപ്പോഴും മുന്നിട്ടു നിന്നു. എല്ലാ മനുഷ്യരെയും തൊടുന്ന ഒന്ന് അവയുടെ ശ്രുതിപഥങ്ങളിൽ ആസ്വാദകരെ പിന്തുടർന്നു.


കവിത മനസിലാക്കുന്ന, അതിലെ ഭാവം മനസിലാക്കുന്ന ഗായകൻ എന്നാണ് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് ജയചന്ദ്രനെ വിശേഷിപ്പിച്ചത്. അഞ്ച് ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങൾ ആലപിച്ചു.


കേവല മർത്യഭാഷ കേൾക്കാത്ത ..........എന്ന പാട്ട് കേൾക്കുമ്പോൾ മൂകയായ ഒരു ദേവദൂതിക മുന്നിൽ വന്നു. വെള്ളിത്തിരയിലും ജീവിതത്തിലും പ്രണയികളെ അത്രമേൽ കാതരമാക്കി അനുരാഗ ഗാനം പോലെ നിറഞ്ഞ പാട്ടുകൾ.


jayachandran


പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കൾ....

എന്ന് അഞ്ചു പതിറ്റാണ്ടു നീണ്ട ആ പാട്ടു കാലം പുതിയ തലമുറയിലേക്കും പ്രണയ നനവ് പകർന്നു. കുമ്പിളിൽ വിളമ്പിയ പൈമ്പാലായി പാട്ടിന്റെ പൊന്നു വേലി കെട്ടി.


jayachandran


കാട്ടുകുറിഞ്ഞി പൂവും ചൂടി സ്വപ്നം കണ്ട് മയങ്ങും പെണ്ണ്......എന്ന് ഒരു തലമുറയെ പ്രണയാർദ്രമാക്കി. കല്ലായിക്കടവത്തെ കാറ്റൊന്നും മിണ്ടീലേ... എന്ന് ഗസലിനോടും ബാബുക്കയുടെ പാട്ട് കാലത്തോടും അദ്ദേഹം പുതു തലമുറയെ ഭാവസ്വരതയാൽ ചേർത്തു നിർത്തി.

1966 ൽ കളിത്തോഴനിലാണ് പി ഭാസ്കരൻ എഴുതി ദേവരാജൻ മാസ്റ്റർ ഈണമിട്ട മഞ്ഞലയിൽ മുങ്ങിത്തോർത്തി എന്ന ഗാനം പാടുന്നത്. പൊടിമീശക്കാരനാണ് ജയചന്ദ്രൻ അന്ന്.

പിന്നീട് പ്രായം അറുപത് കടന്നപ്പോൾ ... പ്രായം നമ്മിൽ മോഹം നൽകി, മോഹം കണ്ണിൽ പ്രേമം നൽകി .......എന്ന് പൊടിമീശക്കാരുടെ ഇടയിൽ ജയചന്ദ്രൻ ഹിറ്റായി.


രാസാത്തി ഒന്നെ കാണാതെ നെഞ്ച് കാത്താടി പോലാട് ത്...... എന്ന് ഭാഷയുടെ അതിരുകൾ ലംഘിച്ചും ആ ആലാപന ചാരുതയിലെ പ്രണയ ഭാവം മനസുകളെ കവിഞ്ഞൊഴുകി. ഓർമ്മപോലെ നിറയുന്ന ഒരുപിടി പാട്ടുകൾ അനശ്വരമാക്കിയാണ് യാത്ര.


യേശുദാസിന്റെ ജന്മദിനത്തിന്റെ തലേന്നാളാണ് ജയചന്ദ്രൻ വിടവാങ്ങുന്നത്.

 

 

 



deshabhimani section

Related News

View More
0 comments
Sort by

Home