ഇന്നു പകൽ 8 മുതൽ പൂങ്കുന്നത്തെ വീട്ടിലും 10 മുതൽ 12.30 വരെ തൃശൂർ സംഗീത നാടക അക്കാദമിയിലും പൊതുദർശനം ; സംസ്‌കാരം ശനി പകൽ 3.30ന് ചേന്ദമംഗലം പാലിയത്തെ തറവാട്ടുവളപ്പിൽ
അനുരാഗ ഗാനം പോലെ ; മലയാളത്തിന്റെ ഭാവാത്മകസ്വരം നിലച്ചു

തൃശൂർ
മലയാളത്തിന്റെ ഭാവാത്മകസ്വരം നിലച്ചു. ഗായകൻ പി ജയചന്ദ്രൻ (80) വിടവാങ്ങി. തൃശൂരിലെ അമല ആശുപത്രിയിൽ വ്യാഴം രാത്രി 7.54 നാണ് അന്ത്യം. അർബുദത്തിന് ചികിത്സയിലായിരുന്നു.
വ്യാഴം രാത്രി ഏഴിന് പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അമല ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളി രാവിലെ എട്ടിന് പൂങ്കുന്നത്തെ വീട്ടിൽ കൊണ്ടുവരും. രാവിലെ 10 മുതൽ 12.30വരെ സംഗീത നാടക അക്കാദമിയുടെ റീജിയണൽ തിയറ്ററിൽ പൊതുദർശനത്തിനുശേഷം പൂങ്കുന്നത്തെ വീട്ടിലെത്തിക്കും. ശനി രാവിലെ എട്ടിന് ജന്മനാടായ ചേന്ദമംഗലത്തേയ്‌ക്ക് കൊണ്ടുപോകും. പകൽ 3.30ന് പാലിയത്തെ തറവാട്ടുവളപ്പിൽ സംസ്കരിക്കും.
ആറുപതിറ്റാണ്ടായി മലയാള ഗാനമധുരിമയാണ് ജയചന്ദ്രൻ. 1965ൽ 21–-ാം വയസ്സിൽ ‘ഒരുമുല്ല പൂമാലയുമായി' എന്ന ഗാനത്തിലൂടെ (ചിത്രം: കുഞ്ഞാലിമരക്കാർ) ചലച്ചിത്രഗാനരംഗത്ത് അരങ്ങേറി. ആദ്യം പുറത്തുവന്നത് ‘കളിത്തോഴൻ’ എന്ന ചിത്രത്തിനുവേണ്ടി പാടിയ - ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി...’ എന്ന ഗാനം. വേറിട്ട ആലാപനശൈലിയാണ് ജയചന്ദ്രനെ വ്യത്യസ്തനാക്കിയത്. 1985ൽ ‘ശിവശങ്കര സർവ്വശരണ്യ വിഭോ' എന്ന ശ്രീനാരായണ ഗുരുസ്തുതി (ചിത്രം: ശ്രീനാരായണ ഗുരു) ദേശീയ അവാർഡ് നേടിക്കൊടുത്തു.
അഞ്ച് തവണ സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരവും നാല് തവണ തമിഴ്‌നാട് സർക്കാരിന്റെ പുരസ്‌കാരവും ഉൾപ്പെടെ നിരവധി ബഹുമതികൾ തേടിയെത്തി. 2020ൽ മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള ജെ സി ഡാനിയേൽ അവാർഡ്. തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി സിനിമകളിലും പാടി.
1944 മാർച്ച് മൂന്നിന് കൊച്ചി രാജകുടുംബത്തിലെ രവിവർമ കൊച്ചനിയൻ തമ്പുരാന്റെയും ചേന്ദമംഗലം പാലിയം സ്വരൂപത്തിലെ സുഭദ്രക്കുഞ്ഞമ്മയുടെയും മകനായി എറണാകുളം രവിപുരത്ത് ജനനം. ചേന്ദമംഗലം പാലിയം സ്കൂൾ, ആലുവ സെന്റ്‌മേരീസ്, ഇരിങ്ങാലക്കുട നാഷണൽ സ്കൂൾ എന്നിവിടങ്ങളിലെ പഠനശേഷം ഇരിങ്ങാലക്കുട ക്രൈസ്‌റ്റ് കോളേജിൽനിന്ന് ജന്തുശാസ്‌ത്രത്തിൽ ബിരുദം.
ചെന്നൈയിൽ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ ഗാനമേളയിൽ പാടുന്നത് കേട്ട ശോഭന പരമേശ്വരൻനായരും എ വിൻസന്റുമാണ് സിനിമയിലേക്ക് കൊണ്ടുവന്നത്. ലളിതയാണ് ഭാര്യ. മക്കളായ ലക്ഷ്മിയും ദിനനാഥും ഗായകർ.
എ ആർ റഹ്‌മാനൊപ്പം ബോളിവുഡ്‌വരെ
മലയാളത്തിനുപുറമെ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും സ്വരമാധുര്യം പകർന്ന പി ജയചന്ദ്രന്റെ ആദ്യ ഹിന്ദി ഗാനം തൻവീർ അഹമ്മദ് സംവിധാനം ചെയ്ത 'അഡാ'യിൽ അൽക്ക യാഗ്നിക്കിനൊപ്പം. സംഗീതം നൽകിയത് ഓസ്കാർ ജേതാവ് എ ആർ റഹ്മാൻ. ദിലീപ് എന്ന പേരിൽ റഹ്‌മാൻ ഒമ്പതാം വയസ്സിൽ ആദ്യമായി ഈണമിട്ട ഗാനം ആലപിക്കാനും ജയചന്ദ്രന് അവസരമുണ്ടായെന്നത്കൗതുകകരം. 1975ൽ ഇറങ്ങിയ 'പെൺപട'യിൽ പിതാവ് ആർ കെ ശേഖറിന്റെ ഓർക്കസ്ട്രയ്ക്കൊപ്പമായിരുന്നു റഹ്മാനെന്ന ബാലപ്രതിഭയുടെ തിരനോട്ടം. ചിത്രത്തിലെ "വെള്ളിത്തേൻ കിണ്ണം പോൽ' പാട്ട് എഴുതിയ ഭരണിക്കാവ് ശിവകുമാറാണ് പിൽക്കാലത്ത് അക്കാര്യം ഓർത്തെടുത്തത്.
"അഡാ'യിലെ ഗാനത്തിന്റെ റെക്കോർഡിങ് 2008ൽ കഴിഞ്ഞെങ്കിലും ചിത്രം ഇറങ്ങിയത് 2010ൽ. റഹ്മാനുമായി ഹൃദയബന്ധം സൂക്ഷിച്ച ജയചന്ദ്രൻ ആ യുവസംഗീതകാരനെ എപ്പോഴും ബഹുമാനത്തോടെ കണ്ടു. "നമ്മളിൽനിന്ന് വേണ്ടത് പിടിച്ചെടുക്കാൻ അദ്ദേഹത്തിനു കഴിയും. ചിലപ്പോൾ അർധരാത്രിയിലാവും വിളി. പാട്ടിനെക്കുറിച്ച് എല്ലാം വിശദമായും ലളിതമായി പറഞ്ഞുതരും'‐ അഭിമുഖത്തിൽ വിശദീകരിച്ചു.
മലയാള സംസ്കൃതിയോട് മമത പുലർത്തിയ ജയചന്ദ്രൻ ഹിന്ദിയിൽ ഏറെ ആലപിച്ചില്ല. തെന്നിന്ത്യൻ ഭാഷകളിൽ തമിഴിൽ നിരവധി ഹിറ്റ് ഗാനങ്ങൾ. 1973ൽ 'തങ്കച്ചിമിഴ് പോൽ...' എന്ന പാട്ടിലൂടെയാണ് ആ ശബ്ദമാധുരി ആദ്യമായി തമിഴകം കേട്ടത്. 'മണിപയൽ’ എന്ന ചിത്രത്തിൽ എം എസ് വിശ്വനാഥന്റെ ഈണത്തിൽ പാടിയ ഗാനം ആസ്വാദകപ്രിയമായി. തുടർന്ന് ‘നാൻ അവനില്ലൈ’ ചിത്രത്തിൽ എൽ ആർ ഈശ്വരിക്കൊപ്പം ‘മന്ദാര മലരേ’ "മധുരൈ മീട്ട സുന്ദരപാണ്ഡ്യനി'ലെ ‘അമുദതമിഴിൽ’ തുടങ്ങിയവ. ജയചന്ദ്രനും വാണിജയറാമും ആലപിച്ച യുഗ്മകങ്ങൾ പലതും തമിഴിൽ ഹിറ്റ്. എം എസ് വിശ്വനാഥന്റെ സംഗീതത്തിൽ മികച്ച ഒരുപിടി ഗാനങ്ങൾ. ഇളയരാജ തിളങ്ങിയകാലത്ത് അദ്ദേഹത്തിന്റെ ശ്രദ്ധേയ ഗാനങ്ങളും ആലപിച്ചു. 'രാസാത്തി ഉന്നെ'(വൈദേഹി കാത്തിരുന്നാൾ), 'മയങ്കിനേൻ സൊല്ല തയങ്കിനേൻ'(നാനേയ് രാജ നാനൈ മന്ത്രി) തുടങ്ങിയവ എക്കാലത്തെയും ഹിറ്റ്.
വാഴ്കൈയേ വേഷം...(ആറിൽ ഇരുന്തു അറുപതുവരൈ), പൊന്നെന്ന പൂവെന്ന(അലൈ കൾ) എന്നിവയും മികച്ച ആദ്യഗാനങ്ങൾ. താലാട്ടുതേ വാനം.. (കടൽ മീൻകൾ), പൂവ എടുത്തു ഒരു... (അമ്മൻ കോവിൽ കിഴക്കാലേ), കൊടിയിലേ മല്ലിയ പൂ(കടലോര കവിതൈ കൾ), വസന്ത കല നദികളിലെ, കണ്ണാനിൻ സന്നിധിയിൽ, പാലഭിഷേകം സെയ്യാവോ, മഞ്ഞൽ നിലാവുക്കു, കാളിദാസൻ കണ്ണദാസൻ, കവിതൈ അരങ്ങേറും നേരം,ചിത്തിരി ചോവാനം, ഒരു വനവിൽ പോലെ, മാഞ്ചോലൈ കിളി താനോ, കാത്തിരുന്തു, എൻമേൽ വിഴുന്ത മഴൈ തുള്ളിയേ, കതയം കാട്ടുവഴി, ഒരു ദൈവം തന്ത പൂവെ തുടങ്ങി തമിഴിൽ ഒന്നിനൊന്ന് മികച്ച പാട്ടുകൾ. കന്നടയിൽ മന്താര പുഷ്വവും നീവു(രംഗനായിക), കന്നട ബിംബ തുടങ്ങിയവയും ആ ശ്രുതിമാധുര്യത്തിലെ ശ്രദ്ധേയ ഗാനങ്ങൾ. പുതുതലമുറ സംഗീത സംവിധായകർക്കൊപ്പവും ജയചന്ദ്രൻ പ്രവർത്തിച്ചു.
ബിജിബാലിന്റെ ഈണത്തിൽ ആദ്യമായി പാടിയ 'ലൗഡ് സ്പീക്കറി'ലെ കാട്ടാറിനു തോരാത്തൊരു, സാൾട്ട് ആൻഡ് പെപ്പറിലെ 'പ്രേമിക്കുമ്പോൾ നീയും ഞാനും', കേരള ക ഫേയിൽ റഫീഖ് അഹമ്മദിന്റെ വരികളുടെ ആലാപനവുമെല്ലാം ജയചന്ദ്രനെ ശ്രദ്ധേയനാക്കി. ബിയാർ പ്രസാദ് എഴുതി അൽഫോൻസ് ഈണമിട്ട 'കേരനിരകളാടും ഒരു ഹരിതചാരുതീരം' മറ്റൊരു മികച്ച ശ്രമം.
അംഗീകാരങ്ങൾ
നല്ല ഗായകനുള്ള ആദ്യ സംസ്ഥാന പുരസ്കാരം 1972ൽ പണിതീരാത്തവീടിലെ "സുപ്രഭാതം..’എന്ന ഗാനത്തിന് ലഭിച്ചു. സംഗീതം എം എസ് വിശ്വനാഥൻ. 1978ൽ "ബന്ധന'ത്തിൽ എം ബി ശ്രീനിവാസന്റെ സംഗീതത്തിൽ രാഗം ശ്രീരാഗം എന്ന പാട്ടിന്. ശ്രീനാരായണ ഗുരുവിലെ "ശ്രീശങ്കര സർവശരണ്യ വിഭോ എന്ന ഗുരു സ്തുതിയുടെ ആലാപനത്തിന് 1985ൽ ദേശീയ പുരസ്കാരം. "നിറ'ത്തിലെ "പ്രായം നമ്മിൽ' 1999ൽ വീണ്ടും സംസ്ഥാന അവാർഡ് എത്തിച്ചു. "തിലക'ത്തിലെ "നീയൊരു പുഴയായ്..' 2004ലും സംസ്ഥാന അവാർഡ്. മികച്ച ഗായകനുള്ള തമിഴ്നാട് സർക്കാരിന്റെ 1994ലെ അവാർഡ് "കിഴക്കു ചീമയിലേ' ചിത്രത്തിലെ കാതായും കാറ്റുവഴി എന്ന ഗാനത്തിന്. എ ആർ റഹ്മാനായിരുന്നു സംഗീതം.
തമിഴ് സിനിമാസംഗീതത്തിന് നൽകിയ 30 വർഷത്തെ സംഭാവന പരിഗണിച്ച് തമിഴ്നാട് സർക്കാർ 1997ൽ കലൈമാമാണി പുരസ്കാരം നൽകി. 2001ൽ ആദ്യത്തെ സ്വരലയ കൈരളി യേശുദാസ് അവാർഡ്. 1999ലും 2001ലും പിന്നണി ഗായകനുള്ള ഏഷ്യാനെറ്റ് അവാർഡ്. 2015ൽ "ജിലേബി’, "എന്നും എപ്പോഴും', "എന്ന് നിന്റെ മൊയ്തീൻ' ചിത്രങ്ങളിലെ "ഞാൻ ഒരു മലയാളി..', "മലർവാക കൊമ്പത്ത്.., "ശാരദാംബരം..' എന്നീ ഗാനങ്ങൾക്ക് സംസ്ഥാന പുരസ്കാരം. 2021ൽ സംസ്ഥാന സർക്കാരിന്റെ ഉന്നത പുരസ്‌കാരം ജെ സി ഡാനിയേൽ.
നിത്യഹരിത ഗാനങ്ങൾ
"അശ്വതി നക്ഷത്രമേ..' (ഡെയ്ഞ്ചർ ബിസ്ക്കറ്റ്), "പിന്നെയുമിണക്കുയിൽ..' (ആൽമരം), "യമുനേ യദുകുല രതിദേവനെവിടെ..' (റെസ്റ്റ്ഹൗസ്), "ഇന്ദുമുഖീ..' (അടിമകൾ), "കരിമുഖിൽ കാട്ടിലേ..' (കള്ളിച്ചെല്ലമ്മ), "നിൻ മണിയറയിലെ..' (സിഐഡി നസീർ), "ഗായകാ..' (കളിത്തോഴി), "കടലേ കടലേ..' (ഒരു പെണ്ണിന്റെ കഥ), "ഹർഷബാഷ്പം തൂകീ..' (മുത്തശ്ശി), "വിണ്ണിലുറങ്ങുന്ന ദൈവമോ..' (മൂന്ന് പൂക്കൾ), "ഏകാന്ത പഥികൻ ഞാൻ..' (ഉമ്മാച്ചു), "തിരുവാഭരണം ചാർത്തി വിടർന്നു തിരുവാതിര നക്ഷത്രം..' (ലങ്കാദഹനം), സുപ്രഭാതം... (പണിതീരാത്തവീട്), അനുരാഗ ഗാനംപോലെ...(മിസ്സി), "ഇഷ്ടപ്രാണേശ്വരീ..' (ചുക്ക്), "ഉപാസന..' (തൊട്ടാവാടി), "സ്വർണമുഖി..' (സ്വർഗപുത്രി), "മൗനംപോലും മധുരം..' ( സാഗരസംഗമം), "കേവലം മർത്യഭാഷ കേൾക്കാനരുതാത്ത..' "വ്രീളാ ഭരിതയായി..' (നഖക്ഷതങ്ങൾ), "അറിയാതെ അറിയാതെ..'(രാവണപ്രഭു), "നീയൊരു പുഴയായ്...' (തിളക്കം), "കേരനിരകളാടും..' (ജലോത്സവം), "പ്രേമിക്കുമ്പോൾ നീയും ഞാനും..' (സാൾട്ട് ആന്റ് പെപ്പർ), "ഓലഞ്ഞാലി കുരുവീ..'(ചിത്രം 1983).









0 comments