കാലത്തെ പിന്നിലാക്കിയ ശബ്ദം...

p jayachdran
ഏത് കാലത്തേയും സംഗീതത്തോടിണങ്ങിച്ചേര്‍ന്ന ശബ്ദമാധുര്യം. അഭിനയത്തെ വെല്ലുന്ന ഭാവത്തില്‍ അദ്ദേഹം ഓരോ പാട്ടും പാടിവെച്ചു.മലയാളിയുടെ ഹൃദയങ്ങളില്‍ എന്നും ജീവിക്കുന്ന നിരവധി ഗാനങ്ങളിലൂടെ വിസ്മയിപ്പിച്ച പാട്ടുകാരനായി അങ്ങനെ ജയചന്ദ്രന്‍ മാറി.
ആദ്യപാട്ടിലൂടെ തന്നെ മലയാള ഗാനലോകത്തില്‍ തന്റെ പേരെഴുതിച്ചേര്‍ത്ത പ്രതിഭയായി ജയചന്ദ്രന്‍.1966ല്‍ പുറത്തിറങ്ങിയ കളിത്തോഴന്‍ എന്ന ചിത്രത്തില്‍ പാടിയ ഗാനമാണ് ആദ്യമായി ജയചന്ദ്രന്റേതായി പുറത്തുവന്നത്. ജി ദേവരാജന്‍ സംഗീതവും പി ഭാസ്‌കരന്‍ രചനയും നിര്‍വഹിച്ച ആ ഗാനം അറുപതാം വര്‍ഷത്തിലും ഇന്ന് പലരുടെയും ഇഷ്ടഗാനങ്ങളിലൊന്നാണ്.
''മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, ധനുമാസ ചന്ദ്രിക വന്നു, നീമാത്രം വന്നില്ലല്ലോ....''എന്ന അതിമനോഹര ഗാനം.
പാട്ടില്‍ അലിഞ്ഞുചേര്‍ന്ന മനുഷ്യന്‍ .ഏത് സന്ദര്‍ഭത്തിലും എവിടെവെച്ചായാലും ഒരു പാട്ട് പാടാമോ എന്നാവശ്യപ്പെട്ടാല്‍ സിനിമയില്‍ പാടിയ അതേ ഭാവത്തിലും ശബ്ദത്തിലും ഗാംഭീര്യത്തിലുമൊക്കെ തന്റെ ഗാനങ്ങള്‍ ആവശ്യക്കാര്‍ക്കായി ഒരു മടിയും കൂടാതെ പാടിക്കൊടുക്കുന്ന, എന്തും വെട്ടിത്തുറന്ന് പറയുന്ന നിഷ്‌കളഭങ്കതയുടെ പ്രതീകം കൂടിയായിരുന്നു ജയചന്ദ്രന്‍ എന്ന മഹാ പ്രതിഭ.
പാട്ടില്‍ നിറഞ്ഞുതുളുമ്പിയ കേരളീയതയായിരുന്നു ജയചന്ദ്രന്‍ എന്ന ഗായനകനെ വേറിട്ട് നിര്‍ത്തിയത്. കുഞ്ഞാലി മരയ്ക്കാറിലെ ഒരു മുല്ലപ്പൂമാലയുമായി എന്ന യുഗ്മഗാനവും ആളുകള്‍ ഏറ്റുപാടിയതോടെ മലയാള സിനിമയിലെ താരപരിവേഷം ചാര്‍ത്തപ്പെട്ട ഒരു ഗായകനാവാന്‍ ജയചന്ദ്രന് അധികനാള്‍ വേണ്ടിവന്നില്ല. പാടുമ്പോള്‍, സ്വന്തമായതോ ബോധപൂര്‍വ്വമോ ആയ ഒരു സംഗതിയും അദ്ദേഹം സംഗീതത്തിലേക്ക് കൊണ്ടുവന്നില്ല. എല്ലാം സ്വച്ഛന്ദം സുന്ദരമായി ഒഴുകിയെത്തുകയായിരുന്നു ആ ആലാപനത്തില്‍.
ആദ്യ പാട്ടുമുതല്‍, മലയാള സിനിമാഗാന രംഗം ഇക്കാലം വരെ എവിടെയെത്തിയോ അവിടെയെല്ലാം ജയചന്ദ്രനുമുണ്ടായിരുന്നു. ഭാവഗായകന്‍ എന്ന വിശേഷണത്തെ അന്വര്‍ഥമാക്കുന്നതായിരുന്നു ഓരോ ഗാനവും. പുറത്തിറങ്ങിയ ഗാനങ്ങളില്‍ ഭൂരിഭാഗവും ഹിറ്റ്. ജി. ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി, എംബി ശ്രീനിവാസന്‍, എംഎസ് വിശ്വനാഥന്‍ തുടങ്ങി മുന്‍തലമുറക്കാരുടെയും ഇളംതലമുറക്കാരുടെയും ഇഷ്ടഗായകന്‍
അനുരാഗ ഗാനം പോലെ,രാജീവ നയനേ നീയുറങ്ങൂ, ഒന്നിനി തിരിതാഴ്ത്തൂ, നീലഗിരിയുടെ സഖികളേ, നിന്‍മണിയറയിലെ, സ്വര്‍ണഗോപുര നര്‍ത്തകീ ശില്പം, കര്‍പ്പൂരദീപത്തിന്‍ കാന്തിയില്‍, അഷ്ടപദിയിലെ നായികേ, തിരുവാഭരണം ചാര്‍ത്തി വിടര്‍ന്നു, കാറ്റുമൊഴുക്കും കിഴക്കോട്ട്, റംസാനിലെ ചന്ദ്രികയോ, നന്ദ്യാര്‍വട്ട പൂ ചിരിച്ചു, ഹര്‍ഷബാഷ്പംചൂടി, ഏകാന്ത പഥികന്‍ , ശരദിന്ദു മലര്‍ദീപനാളം, പ്രായം തമ്മില്‍ പ്രേമം നല്‍കി, അറിയാതെ അറിയാതെ...അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങള്‍
ഇടക്കാലത്ത് ചില പാട്ടുകളോട് എതിര്‍പ്പ് പ്രകടിപ്പിച്ച് വിവാദങ്ങളില്‍ പെട്ടപ്പോഴും ഭാവഗായകന്റെ തട്ട് താണ് തന്നെ ഇരുന്നു.ഇനിയും കാലങ്ങളോളം മലയാളികള്‍ ആവര്‍ത്തിച്ചു പാടുമെന്ന് ഉറപ്പുള്ള ഒട്ടേറെ ഗാനങ്ങള്‍ ബാക്കിവെച്ചാണ് പി ജയചന്ദ്രന്‍ വിടവാങ്ങിയിരിക്കുന്നത്. വിദ്യാസാഗര്‍ മുതല്‍ ബിജിപാല്‍ വരെയുള്ള പുതിയ സംഗീത സംവിധായകരുടെ നിരയിലും അദ്ദേഹം താരമായി. എക്കാലത്തേക്കും ഓര്‍ക്കുന്ന ഒരു പേരായി സംഗീത ലോകത്ത് ഇനിയെന്നും തിളങ്ങി നില്‍ക്കും ഈ പ്രതിഭ.









0 comments