പി ജെ കുര്യന്റെ വിമർശം : കോൺഗ്രസിൽ ചേരിപ്പോര്

തിരുവനന്തപുരം
കെപിസിസി രാഷ്‌ട്രീയകാര്യ സമിതി അംഗം പി ജെ കുര്യന്റെ യൂത്ത് കോൺഗ്രസ് വിമർശത്തിന് പിന്നാലെ കോൺഗ്രസിൽ ചേരിപ്പോര് കടുത്തു. എ ഗ്രൂപ്പിനെ പുനഃസംഘടിപ്പിക്കാനുള്ള അവസരമായും ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്.
പത്തനംതിട്ടയിലെ പരിപാടിയിൽ കുര്യൻ നടത്തിയ പ്രസംഗം യൂത്ത് കോൺഗ്രസ് നേതാക്കളെ പൊള്ളിച്ചിരുന്നു. യൂത്ത് കോൺഗ്രസ് നേതാക്കളെ ടെലിവിഷനിൽ മാത്രമേ കാണുന്നുള്ളു എന്നും ക്ഷുഭിതയൗവനത്തെ കൂടെനിർത്തുന്ന എസ്‌എഫ്‌ഐ കണ്ട് പഠിക്കു എന്നുമാണ് രാഹുൽ മാങ്കൂട്ടത്തിലിനെ വേദിയിലിരുത്തി പറഞ്ഞത്.
ഉടൻ പ്രതികരിച്ച രാഹുൽ ‘കണ്ണുള്ളവർ കാണട്ടെ, കാതുള്ളവർ കേൾക്കട്ടെ’ എന്ന അടിക്കുറിപ്പോടെ സമൂഹമാധ്യമത്തിൽ വീഡിയോയും ഇട്ടു. വിമർശനം സദുദ്ദേശപരമാണെന്ന് കരുതാൻ സൗകര്യമില്ലെന്ന് യൂത്ത് കോൺഗ്രസ് ഗ്രൂപ്പിൽ ശബ്‌ദസന്ദേശമിട്ട് സൈബർ ആക്രമണത്തിന് ആഹ്വാനംചെയ്‌തു. "ഇനി മുതൽ കുര്യനെ ‘കുര്യൻ സർ' എന്ന് വിളിക്കില്ല’ എന്നുവരെ യൂത്ത് നേതാക്കൾ പ്രതികരിച്ചു. പഴയ ചില കേസുകളും പരമാർശിച്ചു. അതു തടയാൻ കെപിസിസി നേതൃത്വം ഇടപെട്ടതുമില്ല.
മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കുര്യനെ പൂർണമായും ശരിവച്ചില്ലെങ്കിലും യൂത്ത് കോൺഗ്രസ് മാറേണ്ടതുണ്ട് എന്നഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാധ്യമങ്ങളുടെ ചോദ്യത്തെ പരിഹസിച്ചെങ്കിലും കുര്യനോടുള്ള അതൃപ്‌തി പ്രകടമാക്കി.
രമേശ് ചെന്നിത്തല പി ജെ കുര്യനെ പിന്തുണച്ച് രംഗത്തെത്തി. യൂത്ത് കോൺഗ്രസ് പ്രവർത്തനത്തിന് ശക്തിപോരെന്നും പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും ഒരു വിഭാഗം പരസ്യമായി രംഗത്തുവന്നപ്പോൾ മാധ്യമങ്ങൾക്കു മുന്നിൽ കുര്യൻ നിലപാട് ആവർത്തിച്ചു.









0 comments