പി ഗോവിന്ദപിള്ള ദേശീയ പുരസ്‌കാരം ടി എം കൃഷ്ണയ്ക്ക് സമ്മാനിച്ചു

T M Krishna
വെബ് ഡെസ്ക്

Published on Nov 22, 2025, 06:41 PM | 1 min read

തിരുവനന്തപുരം: മാർക്‌സിസ്റ്റ്‌ സൈദ്ധാന്തികൻ പി ഗോവിന്ദപ്പിള്ളയുടെ പേരിൽ ഏർപ്പെടുത്തിയ ദേശീയ പുരസ്കാരം സംഗീതജ്ഞൻ ടി എം കൃഷ്‌ണയ്ക്ക്‌ സമ്മാനിച്ചു. സർവകലാശാല സെനറ്റ്‌ ഹാളിൽ നടന്ന ചടങ്ങിൽ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയാണ് പുരസ്കാരം സമർപ്പിച്ചത്. മൂന്നുലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.


കര്‍ണാടിക് ശാസ്ത്രീയ സംഗീതത്തിന്‍റെ ശാസ്ത്രീയത ഒട്ടും കളയാതെ, അതിന്‍റെ ചില ചിട്ടവട്ടങ്ങള്‍ സര്‍ഗാത്മകതയിലൂടെ ഭേദിച്ചയാളാണ് ടി എം കൃഷ്ണ എന്ന് എം എ ബേബി പറഞ്ഞു. 'ശാസ്‌ത്രീയസംഗീതത്തിന്റെ മണ്ഡലത്തിൽ തുറസ്സുണ്ടാക്കിയത്‌ കൃഷ്‌ണയാണ്‌. അത്‌ വലിയൊരുമാറ്റമാണ്‌. പഴയതിൽനിന്ന്‌ വേണ്ടത്‌ എടുത്ത്‌ പുതിയതിലേക്ക്‌ സഞ്ചരിക്കാനുള്ള സർഗാത്മകമായ സാഹസികതയും ധീരതയും അദ്ദേഹം കാണിച്ചു. ഇ‍ൗ കാലഘട്ടത്തിൽ സംഗീതമേഖലയിൽ ലഭിച്ച വലിയൊരു സുകൃതമാണ്‌ ടി എം കൃഷ്‌ണ. അദ്ദേഹത്തിന്‌ പുരസ്‌കാരം നൽകിയതിലൂടെ പി ജി സംസ്‌കൃതി ആദരിക്കപ്പെടുകയാണ്‌. സാംസ്‌കാരികമായ ഇടപെടലായി പി ജി പുരസ്‌കാരം മാറി.


എന്റെ തലമുറയെ ഒരുപാട്‌ കാര്യങ്ങൾ പഠിപ്പിച്ചിട്ടുള്ളത്‌ പി ജിയും ഇ എം എസും അടങ്ങുന്ന തലമുറയാണ്‌. യുക്തിവാദത്തിൽനിന്ന്‌ എന്തുകൊണ്ട്‌ വൈരുദ്ധ്യാത്മകവും ചരിത്രപരവുമായ ഭ‍ൗതികവാദത്തിലേക്ക്‌ വികസിക്കണമെന്ന്‌ അദ്ദേഹം വിശദീകരിച്ചതാണ്‌ എന്റെ കണ്ണ്‌ തുറപ്പിച്ചതെന്നും ബേബി പറഞ്ഞു.


നിശ്‌ചിതമായ ചട്ടക്കൂട്‌ പണിത്‌ അതിന്റെ അകത്തുമാത്രം നിന്ന നേതാവല്ല പി ജിയെന്ന്‌ സിപിഐ സംസ്ഥാനസെക്രട്ടറി ബിനോയ്‌ വിശ്വം പറഞ്ഞു.


സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം വിജയകുമാർ അധ്യക്ഷനായി. ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, , എം ജി രാധാകൃഷ്ണൻ, നർത്തകി രാജശ്രീ വാര്യർ, പി ജി സംസ്കൃതി കേന്ദ്രം സെക്രട്ടറി ആർ പാർവതി ദേവി, കെ സി വിക്രമൻ തുടങ്ങിയവർ സന്നിഹിതരായി.





deshabhimani section

Related News

View More
0 comments
Sort by

Home